പൂനം യാദവ്; ഓസ്‌ട്രേലിയയെ കറക്കിവീഴ്‌ത്തിയതിന് ഇന്ത്യ കടപ്പെട്ടത് ഈ താരത്തോട്

By Web TeamFirst Published Feb 21, 2020, 8:38 PM IST
Highlights

പൂനത്തിന്റെ ബൗളിംഗ് മികവിലാണ് ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ ഉദ്ഘാടന മത്സരത്തില്‍ വീഴ്‌ത്തിയത്

സിഡ്‌നി: വനിതാ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ എതിരാളികള്‍ ഈ പേര് ഓര്‍ത്തുവെച്ചോളൂ. 'പൂനം യാദവ്' എന്ന ലെഗ് സ്‌പിന്‍ മജീഷ്യന്‍ ചില്ലറക്കാരിയല്ല. പൂനത്തിന്റെ ബൗളിംഗ് മികവിലാണ് ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ ഉദ്ഘാടന മത്സരത്തില്‍ വീഴ്‌ത്തിയത്. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയ പൂനം നിർണായകമായ നാല് വിക്കറ്റുകൾ വീഴ്‌ത്തി. 

അമ്പത്തിയൊന്ന് റണ്‍സുമായി ഓസീസ് ടോപ് സ്‌കോറർ അലിസ ഹീലിയെ വീഴ്‌ത്തിയാണ് പൂനെ യാദവ് ഏറ്റവും നിർണായകമായത്. റെയ്ച്ചൽ ഹെയ്ൻസ്(6), എല്ലിസ് പെറി(0), ജെസ് ജൊനാസെൻ(2) എന്നിവരേയും പൂനം മടക്കി അയച്ചു. ഇന്ത്യയുടെ വിജയശിൽപിയായ പൂനം തന്നെയാണ് കളിയിലെ താരം.

കരുത്തരായ ഓസീസിനെ തോല്‍പിച്ച് തുടങ്ങി 

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 17 റൺസിനാണ് തോൽപിച്ചത്. ഇന്ത്യയുടെ 132 റൺസ് പിന്തുടർന്ന ഓസീസിന് 115 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച തുടക്കം കിട്ടിയ ഓസീസിനെ സ്‌പിന്നർ പൂനം യാദവ് എറിഞ്ഞിടുകയായിരുന്നു. ബെത്ത് മൂനി(6), മെഗ് ലാന്നിംഗ്(5), റെയ്‌ച്ചല്‍ ഹെയ്‌നസ്(6), എല്ലിസ് പെറി(0), ജെസ് ജൊനാസെന്‍(2), അന്നാബേല്‍ സത്തര്‍ലന്‍ഡ്(2), ഡെലീസ കിമ്മിന്‍സ്(2) എന്നിങ്ങനെയാണ് ഓസീസ് താരങ്ങളുടെ സ്‌കോര്‍. 28 റണ്‍സെടുത്ത ഗാര്‍ഡ്‌നര്‍ പുറത്താകാതെ നിന്നു. പൂനത്തിന്‍റെ നാല് വിക്കറ്റിന് പുറമെ ശിഖ പാണ്ഡേ മൂന്ന് വിക്കറ്റ് നേടി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 132 റണ്‍സെടുത്തത്. പുറത്താവാതെ 49 റണ്‍സെടുത്ത ദീപ്‌തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷെഫാലി വര്‍മ (29), ജമീമ റോഡ്രിഗസ് (26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് നേടിയ ജെസ് ജോനാസെനാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ത്തത്. സ്‌മൃതി മന്ഥാന (10), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വേദ കൃഷ്‌ണമൂര്‍ത്തി പുറത്താവാതെ ഒന്‍പത് റണ്‍സെടുത്തു. 

click me!