
ഹരാരെ: ഇന്ത്യയും സിംബാബ്‍വെയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും. ഹരാരെയിൽ ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. പരമ്പരയിൽ ഇരുടീമുകളും നിലവിൽ ഒപ്പത്തിനൊപ്പമാണ്. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ആദ്യ മത്സരത്തില്‍ ദയനീയ തോല്‍വി വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഇന്ത്യ 100 റണ്‍സ് ജയവുമായി ശക്തമായി തിരിച്ചടിച്ചിരുന്നു. ലോകകപ്പ് ടീമിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ശിവം ദുബെയും അവസാന മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ടീമില്‍ തിരിച്ചെത്തിയതിനാല്‍ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ബെംഗളൂരുവിൽ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസെടുത്ത് പോലീസ്
ആദ്യ മത്സരത്തില്‍ യുവതാരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ സെഞ്ചുറിയുമായി വരവറിയിച്ച അഭിഷേക് ശര്‍മ ഓപ്പണിംഗില്‍ തുടരുമെന്നാണ് കരുതുന്നത്. അഭിഷേകിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണ്‍ ചെയ്തതെങ്കില്‍ നാളെ മൂന്നാം ടി20യില്‍ യുവതാരം യശസ്വി ജയ്‌സ്വാളിന് അവസരം ഒരുങ്ങിയേക്കും. ഗില്‍ മൂന്നാം നമ്പറിലേക്ക് മാറുമ്പോള്‍ റുതുരാജ് ഗെയ്ക്‌വാദ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരിക്കേണ്ടിവരും.
നാലാം നമ്പറില്‍ റിയാന്‍ പരാഗിന് വീണ്ടും അവസരം ലഭിക്കുമ്പോള്‍ അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു സാംസണെത്തുമ്പോള്‍ ധ്രുവ് ജുറെല്‍ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താവും. റിങ്കു സിംഗ് ഫിനിഷറായി തുടരുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ തന്നെയാവും സ്പിന്‍ ഓള്‍ റൗണ്ടറായി തുടരുക.
സ്പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയി തുടരുമ്പോള്‍ പേസറായി മുകേഷ് കുമാറിന് പകരം തുഷാര്‍ ദേശ്പാണ്ഡെക്ക് അവസരം ലഭിച്ചേക്കും. ആവേശ് ഖാനും ഖലീല്‍ അഹമ്മദുമാകും മറ്റ് രണ്ട് പേസര്‍മാര്‍.
സിംബാബ്‌വെക്കെതിരെ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: യശസ്വി ജയ്സ്വാള്‍, അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, റിയാൻ പരാഗ്, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക