ടി20യില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാകുമെന്നാണ് കരുതുന്നത്.

മുംബൈ: ഈ മാസം അവസാനം ശ്രീലങ്കക്കെതിരെ ആരംഭിക്കുന്ന ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന പരമ്പരയില്‍ നിന്നും വിട്ടു നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും. ഈ സാഹചര്യത്തില്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഇന്ത്യക്ക് പുതിയ നായകൻമാരെ കണ്ടെത്തേണ്ടിവരും. ഇന്ത്യൻ പരീശിലകനായി ഗൗതം ഗംഭീര്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതും ശ്രീലങ്കക്കെതിരായ പരമ്പരയിലാവുമെന്നാണ് സൂചന.

ടി20യില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാകുമെന്നാണ് കരുതുന്നത്. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരു പേരും ഇപ്പോള്‍ ബിസിസിഐയുടെയോ സെലക്ടര്‍മാരുടെയോ മുന്നിലില്ല. ഏകദിനത്തില്‍ ആരെ ക്യാപ്റ്റനാക്കണമെന്ന കാര്യത്തിലും സെലക്ടര്‍മാര്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. കെ എല്‍ രാഹുലാകും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക എന്നാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്തയോട് വിടചൊല്ലി ഗൗതം ഗംഭീര്‍, ഇന്ത്യൻ ടീം പരിശീലകനായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് ഇന്ത്യക്ക് ആറ് ഏകദിനങ്ങള്‍ മാത്രമെ കളിക്കാനുള്ളു. അതില്‍ ശ്രീലങ്കക്കെതിരായ മൂന്നെണ്ണം കഴിഞ്ഞാൽ പിന്നെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടനെതിരെ ആണ് മൂന്ന് മത്സരങ്ങള്‍. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടു നിന്നാല്‍ രോഹിത്തിനെയും കോലിയെയും അടുത്ത വര്‍ഷം മാത്രമെ ഇനി ആരാധകര്‍ക്ക് നീല ജേഴ്സിയില്‍ കാണാനാകു. ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും രോഹിത് തന്നെയായിരിക്കും ഇന്ത്യന്‍ നായകനെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റിലും മൂന്ന് ടി20യിലും ഇന്ത്യ കളിക്കും. പിന്നാലെ ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ കളിക്കും. നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കുന്ന ഇന്ത്യ ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയും കളിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക