ഒടുവില്‍ പൃഥ്വി ഷാക്കും ഐപിഎല്‍ ടീമായി, ലിവിംഗ്സ്റ്റണെ കാശെറിഞ്ഞ് ടീമിലെത്തിച്ച് ഹൈദരാബാദ്, ചാഹറിനെ റാഞ്ചി ചെന്നൈ

Published : Dec 16, 2025, 09:48 PM IST
Prithvi Shaw-Liam Livingstone

Synopsis

ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്‌സ്റ്റണെ രണ്ടാം റൗണ്ടില്‍ കാശെറിഞ്ഞ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

അബുദാബി: ഐപിഎല്ലില്‍ ആദ്യ രണ്ട് റൗണ്ടുകളിലും ആവശ്യക്കാരില്ലാതിരുന്ന ഇന്ത്യൻ ഓപ്പണര്‍ പൃഥ്വി ഷായെ മൂന്നാം റൗണ്ട് താരലേലത്തില്‍ ടീമി‌ൽ തിരിച്ചെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്കാണ് ഡല്‍ഹി പൃഥ്വി ഷായെ മൂന്നാം റൗണ്ടില്‍ ടീമിലെടുത്തത്. ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജൈമിസണെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ഡല്‍ഹി അവസാന റൗണ്ടില്‍ ടീമിലെടുത്തു. അതേസമയം, ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്‌സ്റ്റണെ രണ്ടാം റൗണ്ടില്‍ കാശെറിഞ്ഞ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ലിവിംഗ്സ്റ്റണായി രണ്ടാം റൗണ്ടില്‍ കൊല്‍ക്കത്തയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഹൈദരാബാദും ലിവിംഗ്സ്റ്റണായി വാശിയോടെ രംഗത്തെത്തി.

ഇടക്ക് ഗുജറാത്തും കൂടി കൂടിയതോടെ ലിവിംഗ്സ്റ്റണിന്‍റെ മൂല്യമുയര്‍ന്നു. ഒടുവില്‍ ലക്നൗവുമായുള്ള അവസാന റൗണ്ട് ലേലത്തിനൊടുവില്‍ 13 കോടി രൂപക്ക് ലിവിംഗ്സറ്റണെ ഹൈദരാബാദ് ടീമിലെടുത്തു. ആദ്യ റൗണ്ടില്‍ ആരും ടീമിലെടുക്കാതിരുന്ന ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയെ കൊല്‍ക്കത്ത രണ്ട് കോടിക്ക് ടീമിലെത്തിച്ചത് നേട്ടമായി. ഇന്ത്യൻ പേസറായ ആകാശ് ദീപിനെയും അടിസ്ഥാന വിലയായ ഒരു കോടി രൂപക്ക് കൊല്‍ക്കത്ത ടീമിലെടുത്തു.

ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ മികച്ച ഇന്ത്യൻ സ്പിന്നറില്ലെന്ന ക്ഷീണം മാറ്റാൻ രംഗത്തിറങ്ങിയ ചെന്നൈ ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന രാഹുല്‍ ചാഹറിനെ പഞ്ചാബ് കിംഗ്സുമായുള്ള ശക്തമായ ലേലം വിളിക്കൊടുവില്‍ ടീമിലെത്തിച്ചു. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ചാഹറിന 5.2 കോടി രൂപക്കാണ് ചെന്നൈ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്‍റിയെ അടിസ്ഥാനവിലയായ രണ്ട് കോടിക്ക് ടീമിലെത്തിക്കാനും ചെന്നൈക്കായി. അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്ക് ന്യൂസിലന്‍ഡ് പേസര്‍ സാക്ക് ഫോള്‍ക്സിനെയും ചെന്നൈ ടീമിലെടുത്തു.

ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ബെന്‍ ഡ്വാര്‍ഷൂയിസിനെ ചെന്നൈയുമായുള്ള വാശിയേറിയ ലേലത്തിനൊടുവില്‍ 4.4 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ചു. 75 ലക്ഷം രൂപക്ക് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോര്‍ദാന്‍ കോക്സിനെ ആര്‍സിബി ടീമിലെത്തിച്ചപ്പോള്‍ വെറും നാലും മത്സരങ്ങള്‍ മാത്രം കളിക്കുന്ന ജോഷ് ഇംഗ്ലിസിനായി 8.6 കോടി മുടക്കി ടീമിലെത്തിച്ച ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഞെട്ടിച്ചു. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇംഗ്ലിസിനായി ഹൈദരാബാദും ലക്നൗവും തമ്മിലായിരുന്നു മത്സരം.അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയെ ടീമിലെത്തിക്കാനായത് ഡല്‍ഹിക്ക് നേട്ടമായി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ജാക് എഡ്വേര്‍ഡ്സിനായി ഹൈദരാബാദ് 3 കോടി മുടക്കി.

രണ്ട് കോടി രൂപക്ക് ടോം ബാന്‍റണെയും 75 ലക്ഷം രൂപക്ക് ഇംഗ്ലണ്ട് ഇടം കൈയന്‍ പേസര്‍ ലൂക്ക് വുഡിനെയും ഗുജറാത്ത് ടീമിലെത്തിച്ചപ്പോള്‍ രണ്ട് കോടി രൂപക്ക് ന്യൂസിലന്‍ഡ് പേസര്‍ ആദം മില്‍നെയെ രാജസ്ഥാനും ടീമിലെടുത്തു. അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്ക് കുല്‍ദീപ് സെന്നിനെയും രാജസ്ഥാന്‍ ടീമിലെടുത്തു. ഇന്ത്യൻ അണ്ടര്‍ 19 താരം വിഹാൻ മല്‍ഹോത്രയെ ആര്‍സിബി അടിസ്ഥാന വിലയായ 30 ലക്ഷംയ രൂപക്ക് ടീമിലെടുത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവില്‍ സര്‍ഫറാസിന് ഐപിഎല്‍ ടീമായി, പൃഥ്വി ഷാക്കും സല്‍മാന്‍ നിസാറിനും രണ്ടാം റൗണ്ടിലും ആവശ്യക്കാരില്ല
കൂച്ച് ബെഹാർ ട്രോഫി: ബറോഡയെ 223 റൺസിന് എറിഞ്ഞിട്ടു, കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച