Latest Videos

'ന്യൂസിലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ടീം'; ചാമ്പ്യന്‍മാരെ പ്രശംസിച്ച് റിച്ചാര്‍ഡ് ഹാഡ്‌ലി

By Web TeamFirst Published Jun 24, 2021, 1:19 PM IST
Highlights

നിലവിലെ ടീം എക്കാലത്തെയും മികച്ച കീവീസ് പടയാണ് എന്നാണ് ഹാഡ്‌ലിയുടെ വാക്കുകള്‍

സതാംപ്‌ടണ്‍: ഇന്ത്യയെ കീഴടക്കി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിരീടമുയര്‍ത്തിയ ന്യൂസിലന്‍ഡ് ടീമിനെ പ്രശംസ കൊണ്ടുമൂടി ഇതിഹാസ താരം റിച്ചാര്‍ഡ് ഹാഡ്‌ലി. നിലവിലെ ടീം എക്കാലത്തെയും മികച്ച കീവീസ് പടയാണ് എന്നാണ് ഹാഡ്‌ലിയുടെ വാക്കുകള്‍. 

'നാട്ടിലും വിദേശത്തുമുള്ള ടെസ്റ്റ് മത്സര-പരമ്പര വിജയങ്ങള്‍ കൊണ്ട് രണ്ട് വര്‍ഷത്തിലേറെയായി ഗംഭീര പ്രകടനമാണ് ന്യൂസിലന്‍ഡ് കാഴ്‌ചവെച്ചത്. പ്രൊഫഷണലിസത്തിന്‍റെ ഔന്നത്യം ടീമൊന്നാകെ കാട്ടി. താരങ്ങള്‍ ഓരോരുത്തരുടെയും മികവ് മികച്ച ടീമാക്കി മാറ്റുന്നതിന് സഹായകമായി. ഞങ്ങളുടെ(ന്യൂസിലന്‍ഡ്) ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ഇതെന്ന് സത്യസന്ധമായി പറയാം' എന്നാണ് പ്രസ്‌താവനയില്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ വാക്കുകള്‍. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏതെങ്കിലും ഒരു ടീമിന് കൂടുതല്‍ മുന്‍തൂക്കമുണ്ട് എന്ന് തോന്നുന്നില്ലെന്ന് റിച്ചാര്‍ഡ് ഹാഡ്‌ലി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 'നിഷ്‌പക്ഷ വേദിയിലാണ് മത്സരങ്ങള്‍, ഹോം മുന്‍തൂക്കമില്ല. ഏത് ടീം മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തി, വേഗത്തില്‍ ഇംഗ്ലീഷ് സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. കാലാവസ്ഥയും നിര്‍ണായകമാകും. തണുപ്പാണെങ്കില്‍ ന്യൂസിലന്‍ഡിന് അനുകൂലമാകും. ഡ്യൂക്ക് ബോള്‍ ഇരു ടീമിലേയും പേസര്‍മാര്‍ക്ക് അനുയോജ്യമാണ്, പ്രത്യേകിച്ച് സ്വിങ് ബൗളര്‍മാര്‍ക്ക്. സൗത്തിയും ബോള്‍ട്ടും ജാമീസണുമുള്ള കിവികള്‍ അക്കാര്യത്തില്‍ കേമന്‍മാരാണ്. പന്ത് പിച്ചില്‍ കറങ്ങിനടന്നാല്‍ ഇരു ടീമിലേയും ബാറ്റ്സ്‌മാന്‍മാര്‍ക്ക് വെല്ലുവിളിയാവും. മത്സരത്തിലെ വിജയിയെ പ്രവചിക്കുക അസാധ്യമാണ്' എന്നും ഹാഡ്‌ലി വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ അതിശക്തരായ ഇന്ത്യയെ എട്ട് വിക്കറ്റിന് കീഴ്‌പ്പെടുത്തി സതാംപ്‌ടണിലെ കലാശപ്പോരില്‍ കെയ്‌ന്‍ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് കപ്പുയര്‍ത്തുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലന്‍ഡ് 249 & 140/2. രണ്ടാം ഇന്നിംഗ്‌സില്‍ 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (52*), റോസ് ടെയ്‌ലര്‍ (47*) എന്നിവര്‍ പുറത്താകാതെ നിന്നു. രണ്ടിന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് നേടിയ പേസര്‍ കെയ്ൽ ജാമീസണാണ് ഫൈനലിലെ താരം. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: കലാശപ്പോരില്‍ ടീം ഇന്ത്യ കളി കൈവിട്ടതിന് ഉത്തരവാദികള്‍ ആര്

കിരീടവാഴ്‌ചയില്ല, കിരീടവരള്‍ച്ച മാത്രം! ഐസിസി ടൂർണമെന്‍റുകളില്‍ 2013ന് ശേഷം നിരാശരായി ടീം ഇന്ത്യ

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതിലും നന്നായി ബാറ്റ് ചെയ്യാമായിരുന്നു; നിരാശ പ്രകടമാക്കി ഗവാസ്‌കര്‍

കമ്മിന്‍സിനെ മറികടന്നു; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വിക്കറ്റ് നേട്ടക്കാരില്‍ അശ്വിന്‍ ഒന്നാമന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!