വീണ്ടും മനംകവര്‍ന്ന് പ്യൂമ; വിന്‍ഡീസ് ക്രിക്കറ്റിന് സഹായഹസ്‌തം; കുട്ടികള്‍ക്ക് കിറ്റുകള്‍ നല്‍കും

By Web TeamFirst Published Aug 13, 2022, 9:35 AM IST
Highlights

ഇതാദ്യമായാല്ല മാതൃകാപരമായ നടപടിയുമായി പ്യൂമ കായികപ്രേമികളുടെ മനം കവരുന്നത്

ട്രിനിഡാഡ്: ഒരുകാലത്ത് ലോക ക്രിക്കറ്റിലെ കിരീടംവച്ച രാജാക്കന്‍മാരായിരുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. പ്രതാപം മങ്ങിക്കൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെ രക്ഷിക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉള്‍പ്പടെ സഹായം തേടി മുന്‍താരങ്ങള്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. കുട്ടികള്‍ക്ക് പരിശീലിക്കാന്‍ ക്രിക്കറ്റ് കിറ്റെങ്കിലും തന്ന് സഹായിക്കണം എന്നായിരുന്നു മുന്‍താരം വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍റെ ആവശ്യം. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ജര്‍മന്‍ വസ്ത്ര-കായികോപകരണ നിര്‍മ്മാണ കമ്പനിയായ പ്യൂമ.

വിന്‍സ്റ്റണ്‍, നിങ്ങളെ കേള്‍ക്കുന്നു ഞങ്ങള്‍. കുട്ടികള്‍ക്ക് നമുക്ക് പാഡുകള്‍ കെട്ടാം എന്നാണ് പ്യൂമയുടെ ട്വീറ്റ്. ഇതാദ്യമായാല്ല മാതൃകാപരമായ നടപടിയുമായി പ്യൂമ കായികപ്രേമികളുടെ മനം കവരുന്നത്. 2021ല്‍ സിംബാബ്‌വെയുടെ ഇടംകൈയന്‍ ബാറ്റര്‍ റയാന്‍ ബേള്‍ അടക്കമുള്ള താരങ്ങള്‍ക്ക് പുതിയ ഷൂ നല്‍കിയത് വൈറലായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ഷൂവിന്‍റെ ചിത്രം താരം ട്വീറ്റ് ചെയ്തതോടെയാണ് പ്യൂമ അന്ന് സഹായഹസ്‌തം നീട്ടിയത്. 

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെയുള്ള താരങ്ങളോട് വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പരിശീലന സഹായമെത്തിക്കാന്‍ ആവശ്യപ്പെട്ടത്. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം വിന്‍ഡീസില്‍ താഴെത്തട്ടില്‍ ക്രിക്കറ്റ് നന്നായി പരിശീലിപ്പിക്കാനാവുന്നില്ല. പരിശീലിക്കാന്‍ വേണ്ട കളിയുപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനാവാത്തതാണ് പ്രശ്‌നമെന്നും വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍ പറഞ്ഞു. കുറച്ച് ബാറ്റെങ്കിലും തന്ന് സഹായിക്കണമെന്നായിരുന്നു സച്ചിനോടുള്ള അഭ്യര്‍ത്ഥന. ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടുത്തിടെ ക്രിക്കറ്റ് കിറ്റ് വിന്‍ഡീസിലെ കുട്ടികള്‍ക്ക് പരിശീലനത്തിനായി നല്‍കിയിരുന്നു. ഇതിന് നന്ദിയും പറഞ്ഞു വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍. 

1986-95 കാലഘട്ടത്തില്‍ വിന്‍ഡീസിനായി 21 ടെസ്റ്റും 85 ഏകദിന മത്സരവും കളിച്ച താരമാണ് വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍. 161 വിക്കറ്റും വീഴ്ത്തിയിരുന്നു. 1987-88 കാലത്ത് ബെഞ്ചമിന്‍റെ ടെസ്റ്റ് അരങ്ങേറ്റം ഇന്ത്യക്കെതിരെയായിരുന്നു. നിലവില്‍ ആന്‍റി‌ഗ്വയില്‍ കുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കുകയാണ് മുന്‍താരം. 

ബാറ്റുകളെങ്കിലും തന്ന് സഹായിക്കൂ! വിന്‍ഡീസ് ക്രിക്കറ്റിനെ രക്ഷിക്കാന്‍ സച്ചിനോട് അഭ്യര്‍ത്ഥിച്ച് മുന്‍ താരം

click me!