അവസാന രണ്ട് വിക്കറ്റ് വീഴ്ത്താനാവാതെ കേരളം പരുങ്ങുന്നു; രഞ്ജി ട്രോഫിയില്‍ പഞ്ചാബ് മികച്ച സ്‌കോറിലേക്ക്

Published : Oct 26, 2025, 03:59 PM IST
Kerala vs Punjab

Synopsis

രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളം ബൗളിംഗിൽ പരുങ്ങുകയാണ്. ഹർനൂർ സിംഗിന്റെ (170) സെഞ്ചുറിയുടെ മികവിൽ മികച്ച സ്കോറിലെത്തിയ പഞ്ചാബിന്റെ അവസാന രണ്ട് വിക്കറ്റുകൾ വീഴ്ത്താൻ കേരളത്തിനായില്ല. 

മുല്ലാന്‍പൂര്‍: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരെ അവസാന രണ്ട് വിക്കറ്റ് വീഴ്ത്താനാവാതെ കേരളം. ടോസ് നേടി ബാറ്റിംഗിനെത്തിയ പഞ്ചാബ് രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെടുത്തിട്ടുണ്ട്. പ്രേരിത് ദത്ത (53), മായങ്ക് മര്‍കണ്ഡെ (30) എന്നിവരാണ് ക്രീസില്‍. പഞ്ചാബിന് വേണ്ടി ഹര്‍നൂര്‍ സിംഗ് 170 റണ്‍സ് നേടി പുറത്തായി. കൃഷ് ഭഗതാണ് (28) ഇന്ന് പുറത്തായ മറ്റൊരു താരം. കേരളത്തിന് വേണ്ടി അങ്കിക് ശര്‍മ മൂന്നും ബാബ അപരാജിത്, എന്‍ പി ബേസില്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ, ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ നമന്‍ ധിര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആറിന് 240 എന്ന നിലയിലാണ് പഞ്ചാബ് ഇന്ന് ബാറ്റിംഗിനെത്തിയത്. ഭഗതിന്റെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമാകുന്നത്. അങ്കിതിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ ഹര്‍നൂറിനെ നിധീഷ് ബൗള്‍ഡാക്കി. 13 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്ന് പ്രേരിത് - മായങ്ക് സഖ്യം ഇതുവരെ 63 റണ്‍സ് കൂട്ടിചേര്‍ത്തു. ഭേദപ്പെട്ട തുടക്കമായിരുന്നു പഞ്ചാബിന്. ഒന്നാം വിക്കറ്റില്‍ ഹര്‍നൂര്‍ - പ്രഭ്സിമ്രാന്‍ (23) സഖ്യം 52 റണ്‍സ് ചേര്‍ത്ത് അടിത്തറയിട്ടിരുന്നു.

പ്രഭ്സിമ്രാനെ ബൗള്‍ഡാക്കി അപരാജിതാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഉദയ് സഹാരണ്‍ (37) ഹര്‍നൂര്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഉദയ് സഹാരണിനെ ബൗള്‍ഡാക്കി അങ്കിത് ശര്‍മ കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ അന്‍മോല്‍പ്രീത് സിംഗ് (1), നമന്‍ ധിര്‍ (1), രമണ്‍ദീപ് സിംഗ് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ അഞ്ചിന് 162 എന്ന നിലയിലായി പഞ്ചാബ്.

എന്നാല്‍ ഏഴാം വിക്കറ്റില്‍ സലില്‍ അറോയ്ക്കൊപ്പം 74 റണ്‍സ് ചേര്‍ക്കാന്‍ ഹര്‍നൂറിന് സാധിച്ചു. ഒന്നാം ദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സലിലിനെ അപരാജിത് പുറത്താക്കിയതോടെ നേരിയ മുന്‍തൂക്കം നേടാന്‍ കേരളത്തിന് കഴിഞ്ഞു. പിന്നീട് ഭഗത് - ഹര്‍നൂര്‍ സഖ്യം മറ്റൊരു വിക്കറ്റ് കൂടി പോവാതെ കാത്തു. ഇന്നലെ ലഭിച്ച മുന്‍തൂക്കം മുതലാക്കാന്‍ ഇന്ന് കേരളത്തിന് സാധിച്ചില്ല.

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോയതിനാല്‍ സഞ്ജു സാംസണ്‍ ഇന്ന് കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലില്ല. സഞ്ജുവിന് പകരം കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ അഹമ്മദ് ഇമ്രാന്‍ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യമത്സരത്തില്‍ കളിച്ച ഏദന്‍ ആപ്പിള്‍ ടോമിന് പകരം വത്സല്‍ ഗോവിന്ദും ടീമിലുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കേരളം: മുഹമ്മദ് അസറുദ്ദീന്‍(ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, അഹമ്മദ് ഇമ്രാന്‍.

പഞ്ചാബ്: പ്രഭ്‌സിമ്രാന്‍ സിംഗ്, ഉദയ് സഹാറന്‍, അന്‍മോല്‍പ്രീത് സിംഗ്, നമന്‍ ധിര്‍(ക്യാപ്റ്റന്‍), ഹര്‍ണൂര്‍ സിംഗ്, രമണ്‍ദീപ് സിംഗ്, സലില്‍ അറോറ, കൃഷ് ഭഗത്, പ്രേരിത് ദത്ത, ആയുഷ് ഗോയല്‍, മായങ്ക് മാര്‍ക്കണ്ഡെ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്