
ധരംശാല: ഐപിഎല്ലിൽ ചരിത്രം കുറിച്ച് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യർ. പഞ്ചാബ് കിംഗ്സിന് പ്ലേ ഓഫിലേയ്ക്ക് യോഗ്യത ലഭിച്ചതോടെ മറ്റൊരു നായകനും അവകാശപ്പെടാനാകാത്ത നേട്ടമാണ് ശ്രേയസ് അയ്യരെ തേടിയെത്തിയത്. ഐപിഎല്ലിൻറെ ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ടീമുകളെ പ്ലേ ഓഫിലേയ്ക്ക് നയിക്കുന്ന ആദ്യത്തെ നായകനായി ശ്രേയസ് മാറി. 2014ന് ശേഷം ഇതാദ്യമായാണ് പഞ്ചാബ് കിംഗ്സ് ഐപിഎല്ലിന്റെ പ്ലേ ഓഫിൽ എത്തുന്നത്.
ഈ സീസണിലാണ് ശ്രേയസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട് പഞ്ചാബ് കിംഗ്സിൻറെ ഭാഗമായത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യൻമാരാക്കിയതിന് ശേഷമാണ് താരം പഞ്ചാബിലെത്തിയത്. ബാറ്റ് കൊണ്ടും നായക മികവ് കൊണ്ടും ശ്രേയസ് ഈ സീസണിലെ ശ്രദ്ധാകേന്ദ്രമായി മാറി. പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച ശ്രേയസ് പഞ്ചാബ് ഫ്രാഞ്ചൈസിയുടെ നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പ്ലേ ഓഫ് യോഗ്യത നേടിയത്. നേരത്തെ, 2020ൽ ഡൽഹി ക്യാപിറ്റൽസിനെ ശ്രേയസ് അയ്യർ ഫൈനൽ വരെ എത്തിച്ചിരുന്നു.
26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് ശ്രേയസിനെ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരനായി ശ്രേയസ് മാറി. ലക്നൗ സൂപ്പർ ജയന്റ്സ് 27 കോടി രൂപയ്ക്ക് സ്വന്തമാക്കിയ റിഷഭ് പന്താണ് ഐപിഎല്ലിൻറെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം. എന്നാൽ, ഈ സീസണിൽ തീർത്തും നിറംമങ്ങിയ റിഷഭ് പന്തിന് നേരെ രൂക്ഷവിമർശനമാണ് ലക്നൗ ആരാധകരിൽ നിന്ന് പോലും ഉയരുന്നത്. 11 മത്സരങ്ങളിൽ നിന്ന് 12.80 ശരാശരിയിൽ വെറും 128 റൺസ് മാത്രമാണ് പന്ത് നേടിയത്. ഒരേയൊരു അർദ്ധ സെഞ്ച്വറി മാത്രമാണ് പന്തിന് നേടാനായത്.