
ദില്ലി: ഐപിഎല്ലിൽ ഇനി പ്ലേ ഓഫിലെത്താൻ പോരാടുക മൂന്ന് ടീമുകൾ. ലീഗ് ഘട്ടത്തിൽ പത്ത് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേ ഓഫിൽ ഒരേയൊരു സ്ഥാനം മാത്രമാണ് അവശേഷിക്കുന്നത്. ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്സ് എന്നിവരാണ് പ്ലേ ഓഫ് പോരാട്ടത്തിൽ ശേഷിക്കുന്ന മൂന്ന് ടീമുകൾ.
ലക്നൗവിന് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും മികച്ച മാർജിനിൽ ജയിക്കേണ്ടതുണ്ട്. ഇനിയുള്ള രണ്ട് കളിയും ജയിച്ചാൽ മുംബൈ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാവും. മെയ് 21 ന് നടക്കുന്ന മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം വളരെ നിർണായകമാണ്. കാരണം, വിജയിച്ചാൽ മുംബൈയ്ക്ക് ഡൽഹിയെയും ലക്നൗവിനെയും മറികടന്ന് ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാനാകും. മുംബൈ തോറ്റാൽ, പഞ്ചാബ് കിംഗ്സിനെതിരായ അവസാന മത്സരം ഡൽഹിയ്ക്ക് ജീവൻമരണ പോരാട്ടമാകും. അല്ലെങ്കിൽ ലക്നൗവിൻറെയും മുംബൈയുടെയും അവസാന മത്സര ഫലങ്ങളെ ഡൽഹിയ്ക്ക് ആശ്രയിക്കേണ്ടിവരും.
ഗുജറാത്ത് ടൈറ്റൻസ് പത്ത് വിക്കറ്റിന് ഡൽഹിയെ തകർത്തപ്പോൾ 17 പോയിന്റ് വീതമുളള പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കി. 12 കളിയിൽ ഒൻപതാം ജയത്തോടെ ഗുജറാത്ത് 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 12 കളിയിൽ 14 പോയിന്റുളള മുംബൈ ഇന്ത്യൻസ്, 13 പോയിന്റുളള ഡൽഹി ക്യാപിറ്റൽസ്, 11 കളിയിൽ 10 പോയിൻറുള്ള ലക്നൗ സൂപ്പർ ജയന്റ്സ് എന്നിവരാണ് പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി പൊരുതുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പുറത്തായത്.