
ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ലക്നൗവിൽ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ലക്നൗവിന് ജയം അനിവാര്യമാണ്.
പ്ലേ ഓഫ് കടമ്പയെന്ന നേരിയ സാധ്യതയിലേക്ക് വലിയ പ്രതീക്ഷയുമായാണ് ലക്നൗ സൂപ്പർ ജയന്റ്സ് ഇന്നിറങ്ങുന്നത്. പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റാൽ ലക്നൗവും പുറത്തേക്ക് പോകും. പത്ത് പോയിന്‍റുമായി ഏഴാം സ്ഥാനത്തുള്ള ലക്നൗവിന് പ്ലേ ഓഫിൽ എത്തണമെങ്കിൽ ഇനിയുള്ള മൂന്ന് കളിയും ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സര ഫലത്തിലേക്കു കൂടി ഉറ്റുനോക്കണം. അവസാന അഞ്ച് കളിയിൽ നാലിലും തോറ്റതോടെയാണ് ലക്നൗവിന്റെ വഴികൾ ദുർഘടമായത്. ക്യാപ്റ്റൻ റിഷഭ് പന്തും ഡേവിഡ് മില്ലറും റണ്ണടിക്കാൻ പാടുപെട്ടതോടെ മധ്യനിര തളർന്നു. മാർക്രം, മാർഷ്, പൂരാൻ ത്രയത്തിലാണ് ടീമിന്റെ പ്രതീക്ഷ. ലക്നൗവിന്റെ ബൗളിംഗിനും മൂർച്ച പോര.
അതേസമയം, പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച ഹൈദരാബാദിന് തിരിച്ചടിയായത് വമ്പൻ താരങ്ങളുടെ മങ്ങിയ പ്രകടനമാണ്. ഇഷാൻ കിഷനും അഭിഷേക് ശർമ്മയും ഫോമിലേക്ക് എത്തിയാൽ പോയിന്‍റ് പട്ടികയിൽ നില ഉയർത്താമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ്. കൊവിഡ് ബാധിതനായ ട്രാവിസ് ഹെഡ് ഇന്ന് കളിച്ചേക്കില്ല. ഇതോടെ മലയാളി താരം സച്ചിൻ ബേബി ടീമിൽ തുടർന്നേക്കും. സ്പിന്നർമാർ കളിയുടെ ഗതി നിശ്ചയിക്കുന്നമെന്നാണ് ക്യുറേറ്ററുടെ പ്രവചനം. ഇക്കുറി ഹൈദരാബാദിൽ ഏറ്റുമുട്ടിയപ്പോൾ ലക്നൗ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ഹോം ഗ്രൗണ്ടിലെ തോൽവിക്ക് ലക്നൗവിൽ മറുപടി നൽകുകയാണ് ഹൈദരാബാദിന്റെ ലക്ഷ്യം.