രക്ഷകനായി വീണ്ടും സൂര്യകുമാർ, രോഹിത്തിന് വീണ്ടും നിരാശ, മുംബൈയെ പിടിച്ചുകെട്ടി പഞ്ചാബ്, വിജയലക്ഷ്യം 185 റൺസ്

Published : May 26, 2025, 09:25 PM ISTUpdated : May 26, 2025, 09:29 PM IST
രക്ഷകനായി വീണ്ടും സൂര്യകുമാർ, രോഹിത്തിന് വീണ്ടും നിരാശ, മുംബൈയെ പിടിച്ചുകെട്ടി പഞ്ചാബ്, വിജയലക്ഷ്യം 185 റൺസ്

Synopsis

പവര്‍പ്ലേയില്‍ ആദ്യ നാലോവറില്‍ രോഹിത് ശര്‍മ താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ റിയാന്‍ റിക്കിള്‍ടണ്‍ ആയിരുന്നു മുംബൈക്കായി തകര്‍ത്തടിച്ചത്.  ആദ്യ നാലോവറില്‍ 32 റണ്‍സ് മാത്രമെടുത്ത മുംബൈയെ ഹര്‍പ്രീത് ബ്രാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിയ രോഹിത് ശര്‍മ ടോപ് ഗിയറിലാക്കി.

ജയ്പൂര്‍: ഐപിഎല്ലിലെ ആദ്യ രണ്ട് സ്ഥാനക്കാരെ നിശ്ചയിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. 39 പന്തില്‍ 57 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മ 24 റണ്‍സടിച്ചപ്പോള്‍ റിയാന്‍ റിക്കിൾടണ്‍ 27ഉം ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ 26ഉം റണ്‍സടിച്ചു. പഞ്ചാബിനായി മാര്‍ക്കോ യാന്‍സനും വിജയകുമാര്‍ വൈശാഖും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പവറില്ലാത്ത തുടക്കം

പവര്‍പ്ലേയില്‍ ആദ്യ നാലോവറില്‍ രോഹിത് ശര്‍മ താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ റിയാന്‍ റിക്കിള്‍ടണ്‍ ആയിരുന്നു മുംബൈക്കായി തകര്‍ത്തടിച്ചത്.  ആദ്യ നാലോവറില്‍ 32 റണ്‍സ് മാത്രമെടുത്ത മുംബൈയെ ഹര്‍പ്രീത് ബ്രാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിയ രോഹിത് ശര്‍മ ടോപ് ഗിയറിലാക്കി. എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിയാൻ റിക്കിള്‍ടണെ(20 പന്തില്‍ 27) പുറത്താക്കി മാര്‍ക്കോ യാന്‍സന്‍ മുംബൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഇതോടെ മുംബൈയുടെ പവര്‍ പ്ലേ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സിലൊതുങ്ങി. പവര്‍ പ്ലേക്ക് ശേഷം രോഹിത്തും സൂര്യയും ചേര്‍ന്ന് 81 റണ്‍സിലെത്തിച്ചെങ്കിലും 21 പന്തില്‍ 24 റണ്‍സെടുത്ത രോഹിത്തിനെ മടക്കി ഹര്‍പ്രീത് ബ്രാര്‍ പ്രതികാരം തീര്‍ത്തു. നാലം നമ്പറിലിറങ്ങിയ തിലക് വര്‍മ(4 പന്തില്‍ 1) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ വില്‍ ജാക്സും സൂര്യയും ചേര്‍ന്ന് പന്ത്രണ്ടാം ഓവറില്‍ മുംബൈയെ 100 കടത്തി. പിന്നാലെ വില്‍ ജാക്സിനെ(8 പന്തില്‍ 17) വിജയകുമാര്‍ വൈശാഖ് മടക്കി.

ഹാര്‍ദ്ദിക് പാണ്ഡ്യയും സൂര്യകുമാറും ചേര്‍ന്ന് പതിനാറാം ഓവറില്‍ മുംബൈയെ 150ന് അടുത്തെത്തിച്ചു. മാര്‍ക്കോ യാന്‍സനെ സിക്സിന് തൂക്കിയതിന് പിന്നാലെ ഹാര്‍ദ്ദിക്(15 പന്തില്‍ 26) വീണെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നമാന്‍ ധിറും സൂര്യകുമാറും ചേര്‍ന്ന് മുംബൈയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. വിജയകുമാര്‍ വൈശാഖ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 23 റണ്‍സാണ് സൂര്യുയും നമാന്‍ ധിറും ചേര്‍ന്ന് അടിച്ചെടുത്തത്. ഇതിനിടെ സൂര്യ 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. എന്നാൽ അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ നമാന്‍ ധിര്‍(12 പന്തില്‍ 20) മടങ്ങിയത് മുംബൈക്ക് തിരിച്ചടിയായി. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ മുംബൈക്ക് മൂന്ന് റണ്‍സെ നേടാനായുള്ളു. ഇതോടെ 200 കടക്കുമെന്ന് കരുതിയ ടോട്ടല്‍ 184ല്‍ ഒതുങ്ങി. അവസാന പന്തില്‍ സൂര്യകുമാറിനെ അര്‍ഷ്ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

നേരത്തെ ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. വിജയകുമാര്‍ വൈശാഖും കെയ്ല്‍ ജാമിസണും പഞ്ചാബിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മുംബൈ ഇന്ത്യൻസ് ഒരു മാറ്റം വരുത്തി. പേസര്‍ അശ്വിനി കുമാര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. സീസണില്‍ ആദ്യമായാണ് മുംബൈയും പഞ്ചാബും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍