
അഹമ്മദാബാദ്: ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ എതിരാളികൾ ആരെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. അഹമ്മദാബാദിൽ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ചൊവ്വാഴ്ചയാണ് ഫൈനൽ. അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ആദ്യ കിരീടം ലക്ഷ്യമിടുന്ന പഞ്ചാബ് കിംഗ്സും പതിനെട്ടാം സീസണിലെ ഫൈനൽ ലക്ഷ്യമിട്ട് മുഖാമുഖം വരുമ്പോള്‍ ആവേശപ്പോരാട്ടത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
ഇന്ന് തോൽക്കുന്നവർക്ക് മടങ്ങാം. ജയിക്കുന്നവർക്ക് ചൊവ്വാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ കിരീടപ്പോരിന് ടിക്കറ്റെടുക്കാം. മുംബൈ എലിമിനേറ്ററിലെ ആവേശപ്പോരിൽ ഗുജറാത്ത് ടൈറ്റൻസിനെ മറികടന്നപ്പോൾ, പഞ്ചാബ് ആദ്യ ക്വാളഫയറിൽ ആർസിബിയോട് തോറ്റു. രണ്ടാമൂഴത്തിൽ ബാറ്റിംഗ് നിരയിലെ പാളിച്ചകൾ പരിഹരിച്ചാലേ റിക്കി പോണ്ടിംഗ് തന്ത്രമോതുന്ന പഞ്ചാബിന് രക്ഷയുള്ളൂ.
പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ ഓപ്പണിംഗ് ജോഡി പവർപ്ലേയിൽ തകർത്തടിച്ചാൽ പിന്നാലെ വരുന്ന ശ്രേയസ് അയ്യർ നയിക്കുന്ന ബാറ്റിംഗ് നിരയ്ക്ക് കാര്യങ്ങൾ എളുപ്പമാവും. യുസ്‍വേന്ദ്ര ചഹൽ പരിക്കുമാറി തിരിച്ചെത്തിയാൽ പഞ്ചാബ് ബൗളിംഗിന്റെ കരുത്തുകൂടും. കഴിഞ്ഞയാഴ്ച ഏറ്റുമുട്ടിയപ്പോൾ മുംബൈയെ ഏഴ് വിക്കറ്റിന് ആധികാരികമായി തോൽപിച്ച ആത്മവിശ്വാസവുമുണ്ട് പഞ്ചാബ് കിംഗ്സിന്.
ബാറ്റിംഗിൽ രോഹിത് ശർമ്മ, ജോണി ബെയ്ർസ്റ്റോ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ബൗളിംഗിൽ ജസ്പ്രീത് ബുമ്ര, ട്രെന്‍റ് ബോൾട്ട്, മിച്ചൽ സാന്‍റ്നർ, ഓൾറൗണ്ട് മികവുമായി ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ. കടലാസിലെ കരുത്ത് കളത്തിലും പുറത്തെടുത്താൽ മുംബൈയെ പിടിച്ചുകെട്ടുക എളുപ്പമാവില്ല. ജീവൻമരണ പോരാട്ടത്തിൽ ടോസ് നിർണായകമാവും. അഹമ്മദാബാദിൽ ഇക്കുറി കളിച്ച ഏഴ് മത്സരങ്ങളിൽ ആറിലും ജയം ആദ്യം ബാറ്റ് ചെയ്ത ടീമിനൊപ്പമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!