ഇന്ത്യ എയുടെ കൂറ്റൻ സ്കോറിന് ഇംഗ്ലണ്ട് ലയൺസിന്‍റെ തിരിച്ചടി; ടോം ഹെയ്ൻസിന് സെഞ്ചുറി

Published : May 31, 2025, 11:09 PM IST
ഇന്ത്യ എയുടെ കൂറ്റൻ സ്കോറിന് ഇംഗ്ലണ്ട് ലയൺസിന്‍റെ തിരിച്ചടി; ടോം ഹെയ്ൻസിന് സെഞ്ചുറി

Synopsis

നേരത്തെ 409-3 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ എ 557 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. 189 റണ്‍സുമായി ആദ്യ ദിനം ക്രീസിലുണ്ടായിരുന്ന കരുണ്‍ നായര്‍ ഡബിള്‍ സെഞ്ചുറി തികച്ചപ്പോള്‍ ധ്രുവ് ജുറെലിന് ആറ് റണ്‍സകലെ സെഞ്ചുറി നഷ്ടമായി. 

ലണ്ടൻ: ഇന്ത്യ എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റിന്‍റെ രണ്ടാം ദിനം തിരിച്ചടിച്ച് ഇംഗ്ലണ്ട് ലയണ്‍സ്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 557 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന നിലയിലാണ്.സെഞ്ചുറിയുമായി ഓപ്പണര്‍ ടോം ഹെയ്ൻസും(103*) അര്‍ധസെഞ്ചുറിയുമായി മാക്സ് ഹോള്‍ഡനും(64*) ക്രീസില്‍. ഓപ്പണര്‍ ബെന്‍ മക്കിനി(16), എമിലോ ഗേ(46) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ട് ലയൺസിന് രണ്ടാം ദിനം നഷ്ടാമായത്. ഇന്ത്യ എക്കായി അന്‍ഷുല്‍ കാംബോജും ഹര്‍ഷ് ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യൻ സ്കോറിന് 320 റണ്‍സ് പിന്നിലാണ് ഇപ്പോഴും ഇംഗ്ലണ്ട് ലയണ്‍സ്.

ഇന്ത്യ എയുടെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ഇംഗ്ലണ്ട് ലയൺസിന് തുടക്കത്തിലെ ഓപ്പണര്‍ ബെൻ മക്കിനിയുടെ വിക്കറ്റ് നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ 22 റണ്‍സുള്ളപ്പോള്‍ അന്‍ഷുല്‍ കാംബോജ് ആണ് 16 റണ്‍സെടുത്ത മക്കിനിയെ ബൗള്‍ഡാക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഹെയ്ൻസ്-ഗേ സഖ്യം ക്രീസിലുറച്ചതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വലഞ്ഞു. ഒടുവില്‍ സ്കോര്‍ 131ല്‍ നില്‍ക്കെ ഗേയെ സര്‍ഫറാസ് ഖാന്‍റെ കൈകളിലെത്തിച്ച ഹര്‍ഷ് ദുബെയാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 106 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഹെയ്ൻസും ഹോള്‍ഡനും ചേര്‍ന്ന് ഇംഗ്ലണ്ട് ലയണ്‍സിനെ ശക്തമായ നിലയിലെത്തിച്ചു.

നേരത്തെ 409-3 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ എ 557 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. 189 റണ്‍സുമായി ആദ്യ ദിനം ക്രീസിലുണ്ടായിരുന്ന കരുണ്‍ നായര്‍ ഡബിള്‍ സെഞ്ചുറി തികച്ചപ്പോള്‍ ധ്രുവ് ജുറെലിന് ആറ് റണ്‍സകലെ സെഞ്ചുറി നഷ്ടമായി. രണ്ടാം ദിനം തുടക്കത്തിലെ ധ്രുവ് ജുറെലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ദിനം 84 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ജുറെല്‍ വ്യക്തിഗത സ്കോറിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് സെഞ്ചുറിക്ക് ആറ് റണ്‍സകലെ 94 റണ്‍സില്‍ വീണു. 120 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്സും പറത്തിയാണ് ജുറെല്‍ 94 റണ്‍സടിച്ചത്. കരുണും ജുറെലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വേര്‍പിരിഞ്ഞത്. 

പിന്നാലെ ക്രീസിലെത്തിയ നീതീഷ് കുമാര്‍ റെഡ്ഡി നിരാശപ്പെടുത്തി. 22 പന്തില്‍ ഏഴ് റണ്‍സെടുത്ത നിതീഷ് കുമാറിനെ എഡ്ഡി ജാക്കിന്‍റെ പന്തില്‍ ജെയിസ് റൂ പിടികൂടി. എന്നാല്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെ കൂട്ടുപിടിച്ച് 272 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ കരുണ്‍ നായര്‍ ഇന്ത്യയെ 450 കടത്തി സേഫാക്കി. സ്കോര്‍ 479ല്‍ നില്‍ക്കെ കരുണിനെ(203) വീഴ്ത്തിയ സമാന്‍ അക്തര്‍ ഇംഗ്ലണ്ട് ലയണ്‍സിന് ആശ്വസിക്കാന്‍ വക നല്‍കി. 281 പന്തില്‍ 26 ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് കരുണ്‍ 203 റണ്‍സെടുത്തത്. സ്കോര്‍ 500 കടക്കും മുമ്പ് ഷാര്‍ദ്ദുലും(27) മടങ്ങിയെങ്കിലും ഹര്‍ഷ് ദുബെയും അൻഷുല്‍ കാംബോജും ചേര്‍ന്ന് ഇന്ത്യ എയെ 500 കടത്തി. 

രണ്ടാം ദിനം ലഞ്ചിനുശേഷം ഹര്‍ഷ് ദുബെയെ(32) ജോഷ് ഹള്ളും അന്‍ഷുല്‍ കാംബോജിനെ(23) റെഹാന്‍ അഹമ്മദും മടക്കിയതോടെ ഇന്ത്യയുടെ പോരാട്ടം അധികം നീണ്ടില്ല. ഹര്‍ഷിത് റാണയുടെ(16) ചെറുത്തുനില്‍പ്പ് ഇന്ത്യയെ 550 കടത്തി. ഇംഗ്ലണ്ട് ലയണ്‍സിനായി ജോഷ് ഹള്ളും സമാന്‍ അക്തറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ എഡ്ഡി ജാക്ക് രണ്ട് വിക്കറ്റെടത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

രാഹുലിന് സമ്മാനിച്ചിട്ടും ട്രോഫിയില്‍ നിന്ന് പിടിവിടാതെ ബിസിസിഐ പ്രതിനിധി, ട്രോളുമായി ആരാധകര്‍
റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍