ഞാനും ബ്രോഡിനെ പോലെയായിരുന്നു; ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിനെ കുറിച്ച് ആര്‍ അശ്വിന്‍

By Web TeamFirst Published Jul 29, 2020, 3:10 PM IST
Highlights

കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ എനിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നു. ഇപ്പോഴും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
 

ചെന്നൈ: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ആര്‍ അശ്വിന്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ കളിക്കുമ്പോള്‍ അശ്വിന് ഇടം ലഭിക്കാറില്ല. ടെസ്റ്റ് ടീമിലാവട്ടെ ഇന്ത്യന്‍ പിച്ചുകളില്‍ മാത്രമാണ് കൂടുതല്‍ അവസരം ലഭിക്കാറ്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ കളിക്കുമ്പോള്‍ മിക്കപ്പോഴും ടീമിന് പുറത്താണ് അശ്വിന്‍. ടീമിന് പുറത്തുപോകുന്ന സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അശ്വിന്‍.

ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍ രണ്ടും മൂന്നും ടെസ്റ്റില്‍ തിരിച്ചെത്തിയ താരം ടെസ്റ്റില്‍ 500 വിക്കറ്റും സ്വന്തമാക്കി. ഈ സംഭവുമായി ബന്ധപ്പെടുത്തിയാണ് അശ്വിന്‍ തന്റെ കാര്യവും വിശദീകരിക്കുന്നത്. താരം പറയുന്നതിങ്ങനെ... ''ടീമില്‍ നിന്ന് തഴയപ്പെടുമ്പോഴെല്ലാം നിരാശ തോന്നാറുണ്ട്. എന്നാല്‍ അങ്ങനെ സംഭവിക്കും. സ്‌പോര്‍ട്‌സ് അങ്ങനെയാണ്. 

ബ്രോഡിനെ തന്നെ നമുക്ക് ഉദാഹരണമായെടുക്കാം. അദ്ദേഹം സതാംപ്ടണ്‍ ടെസ്റ്റില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത രണ്ട് ടെസ്റ്റിലും തകര്‍പ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയത്. ഞാനും ഇത്തരത്തില്‍ അനുഭവിച്ചിട്ടുണ്ട്. അഞ്ച് വിക്കറ്റ് നേടിയില്ലെങ്കില്‍ ടീമില്‍ നിന്ന് തഴയപ്പെടുമെന്നുള്ള അവസ്ഥ ഭീകരമാണ്.'' അശ്വിന്‍ പറഞ്ഞു.

നിശ്ചിച ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ചും അശ്വിന്‍ വാചാലനായി. ''വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി അണിയാനാകും എന്ന് കരുതാനാണ് എനിക്കിഷ്ടം. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ എനിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നു. ഇപ്പോഴും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' അശ്വിന്‍ പറഞ്ഞുനിര്‍ത്തി.

click me!