
ചെന്നൈ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ജയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ ത്രസിപ്പിച്ചിരുന്നു. വിരാട് കോലി 53 പന്തില്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ടാമതായി ബാറ്റിംഗിനെത്തിയ ആര്‍ അശ്വിന്റെ നിശ്ചദാര്‍ഢ്യവും ഇന്ത്യക്ക് തുണയായി. ഇപ്പോള്‍ മത്സരത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അശ്വിന്‍.
ജയിക്കാന്‍ കഴിയുമെന്ന ഉറപ്പ് കോലിക്കുണ്ടായിരുന്നുവെന്ന് അശ്വിന്‍ വ്യക്തമാക്കി. അശ്വിന്റെ വാക്കുകള്‍... ''ദിനേശ് കാര്‍ത്തിക് പുറത്തായി പോവുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ശപിച്ചിരുന്നു, കാരണം, വലിയൊരു ജോലി എന്നെ ഏല്‍പ്പിച്ചിട്ടാണ് കാര്‍ത്തിക് മടങ്ങിയത്. ഒരു പന്ത് കളിക്കാന്‍ വിരാട് കോലി എനിക്ക് ഏഴ് നിര്‍ദേശങ്ങള്‍ നല്‍കി. അദ്ദേഹം പറഞ്ഞ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ എട്ടാം സ്ഥാനത്ത് ബാറ്റ് ചെയ്യില്ലായിരുന്നു. എനിക്ക് കോലിയുടെ കണ്ണുകളില്‍ ജയിക്കാനുള്ള തീക്ഷണത കാണാമായിരുന്നു.
ശിഖര്‍ ധവാന്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്; മടങ്ങിവരിക ഏഷ്യന്‍ ഗെയിംസില്‍- റിപ്പോര്‍ട്ട്
കോലി മറ്റൊരു ഗ്രഹത്തില്‍ നിന്നാണെന്ന് ഞാന്‍ കരുതി. പാക് ബൗളര്‍ വൈഡ് ബൗള്‍ എറിഞ്ഞ നിമിഷം എനിക്ക് ആത്മവിശ്വാസം കൂടി. പാഡിലേക്ക് എറിഞ്ഞ പന്ത് ഞാന്‍ ഒഴിവാക്കുകയായിരുന്നു. പിന്നീട് വീഡിയോ കാണുമ്പോഴെല്ലാം ഞാന്‍ ചിന്തിക്കുന്നത് പന്ത് എന്റെ പാഡില്‍ തട്ടിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നാണ്. പിന്നീട് മത്സരം എന്നെകൊണ്ട് തീര്‍ക്കാനാവുമെന്ന് എനിക്ക് തോന്നി.'' അശ്വിന്‍ പറഞ്ഞുനിര്‍ത്തി.
നാല് വിക്കറ്റിന്റെ ത്രില്ലര്‍ ജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ടീം ഇന്ത്യ നേടി. 19-ാം ഓവറില്‍ ഹാരിസ് റൗഫിനെ തുടര്‍ച്ചയായി രണ്ട് സിക്സറിന് പറത്തി ആവേശക്കൊടുമുടി സൃഷ്ടിച്ച കോലി ഇന്നിംഗ്സിലെ അവസാന ഓവറില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ ആരാധകരെ തുള്ളിച്ചാടിച്ചു.
അവസാന പന്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ വിജയറണ്‍ നേടിയപ്പോള്‍ കോലി 53 പന്തില്‍ 82* റണ്‍സെടുത്ത് പുറത്താകാതെനില്‍പുണ്ടായിരുന്നു. 37 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും നിര്‍ണായകമായി. മൂന്ന് വീതം വിക്കറ്റുമായി അര്‍ഷ്ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും ബൗളിംഗില്‍ തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!