
ബെംഗളൂരു: ദുലീപ് ട്രോഫി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ് സൗത്ത് സോണ്‍. ബെംഗളൂരുവില്‍, സെന്‍ട്രല്‍ സോണിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗത്ത് സോണ്‍ ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 64 എന്ന നിലയിലാണ്. ക്യാപ്റ്റനും മലയാളി താരവുമായ മുഹമ്മദ് അസറുദ്ദീന്‍ (4) ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റ് നേടിയ കുമാര്‍ കാര്‍ത്തികേയയാണ് സൗത്ത് സോണിനെ തകര്‍ത്തത്. റിക്കി ഭുയി (14), സല്‍മാന്‍ നിസാര്‍ (0) എന്നിവരാണ് ക്രീസില്‍.
സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു സൗത്ത് സോണിന്. മോഹിത് കാലെയുടെ (9) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. കാര്‍ത്തികേയയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്നെത്തിയ സ്മരണ്‍ രവിചന്ദ്രന്‍ (1) വന്നത് പോലെ മടങ്ങി. ഇതിനിടെ തന്മയ് അഗര്‍വാള്‍ റണ്ണൗട്ടാവുകയും ചെയ്തു. അടുത്തത് അസറുദ്ദീന്റെ ഊഴമായിരുന്നു. നാല് റണ്‍സെടുത്ത താരം കാര്‍ത്തികേയയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. അസറിന്റെ വിക്കറ്റ് നഷ്ടമാകുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇടങ്കയ്യന്‍ സ്പിന്നറായ കാര്‍ത്തികേയയുടെ പന്ത് ബാക്ക് ഫൂട്ടില്‍ കളിക്കാനാണ് അസര്‍ ശ്രമിച്ചത്. എന്നാല്‍ അസറിന് പന്ത് ജഡ്ജ് ചെയ്യാന്‍ സാധിച്ചില്ല. ലെഗ് സ്റ്റംപിന് നേരെ വന്ന പന്ത് കുത്തിതിരിഞ്ഞ് ഓഫ് സ്റ്റംപിലേക്ക്. ആശ്ചര്യത്തോടെ നോക്കി നില്‍ക്കാന്‍ മാത്രമാണ് അസറിന് സാധിച്ചത്. വീഡിയോ കാണാം...
അസറിനും സല്‍മാനേയും കൂടാതെ കേരളത്തിന്റെ തന്നെ എം ഡി നിതീഷും ടിമില്‍ ഇടം നേടി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
സൗത്ത് സോണ്‍: തന്‍മയ് അഗര്‍വാള്‍, മോഹിത് കാലെ, സ്മരണ്‍ രവിചന്ദ്രന്‍, റിക്കി ഭുയി, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ആന്ദ്രേ സിദ്ധാര്‍ത്ഥ് സി, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, ഗുര്‍ജപ്നീത് സിംഗ്, എംഡി നിധീഷ്, വാസുകി കൗശിക്.
സെന്‍ട്രല്‍ സോണ്‍: യാഷ് റാത്തോഡ്, ഡാനിഷ് മാലേവാര്‍, അക്ഷയ് വാഡ്കര്‍, രജത് പതിദാര്‍ (ക്യാപ്റ്റന്‍), ശുഭം ശര്‍മ്മ, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍), സരന്‍ഷ് ജെയിന്‍, ദീപക് ചാഹര്‍, ആദിത്യ താക്കറെ, കുമാര്‍ കാര്‍ത്തികേയ, കുല്‍ദീപ് സെന്‍.