Racism Scandal|വംശീയ പരാമര്‍ശം; പൂജാരയോട് മാപ്പു ചോദിച്ച് കൗണ്ടി താരം

By Web TeamFirst Published Nov 18, 2021, 8:30 PM IST
Highlights

കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്‌ഷെയറിനായി കളിക്കുന്ന കാലത്ത് സഹതാരമായിരുന്ന പൂജാരയെ ബ്രൂക്സ്, എല്ലായ്പ്പോഴും സ്റ്റീവ് എന്ന് വിളിച്ച്  കളിയാക്കുമായിരുന്നുവെന്ന് പാക് വംശജനായ ഇംഗ്ലീഷ് ക്രിക്കറ്റര്‍ അസീം റഫീഖ് ബ്രിട്ടീഷ് പാര്‍ലമെന്‍ററി സ്പോര്‍ട്സ് കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.

ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്ക്‌ഷെയറിനായി(Yorkshire) കളിച്ചപ്പോള്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരക്കെതിരെ(Yorkshire) വംശീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പു ചോദിച്ച് സോമര്‍സെറ്റ്(Somerset) താരം ജാക് ബ്രൂക്സ്(Jack Brooks). 2012ല്‍ നടത്തിയ വംശീയച്ചുവയുള്ള ട്വീറ്റുകളുടെ പേരിലും ബ്രൂക്സ് മാപ്പു പറഞ്ഞു.

കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്‌ഷെയറിനായി കളിക്കുന്ന കാലത്ത് സഹതാരമായിരുന്ന പൂജാരയെ ബ്രൂക്സ്, എല്ലായ്പ്പോഴും സ്റ്റീവ് എന്ന് വിളിച്ച്  കളിയാക്കുമായിരുന്നുവെന്ന് പാക് വംശജനായ ഇംഗ്ലീഷ് ക്രിക്കറ്റര്‍ അസീം റഫീഖ് ബ്രിട്ടീഷ് പാര്‍ലമെന്‍ററി സ്പോര്‍ട്സ് കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പേര് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള കളിക്കാരെ വിളിക്കാനാണ് സ്റ്റീവ് എന്ന് പൊതുവായി ഉപയോഗിക്കാറുള്ളതെന്നും അതില്‍ വംശമോ വര്‍ഗമോ വിഷയമായിരുന്നില്ലെന്നും ബ്രൂക്സ് പറഞ്ഞു.

ഡ്രസ്സിംഗ് റൂമില്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇതൊരു വംശീയ പരാമര്‍ശമാണെന്ന അറിവില്ലായിരുന്നു. എന്നാല്‍ അത്തരത്തില്‍ പരാമര്‍ശം നടത്തിയത് തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. തെറ്റ് പറ്റിയെന്നത് അംഗീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എന്‍റെ പരാമര്‍ശത്തിന്‍റെ പേരില്‍ ഞാന്‍ പൂജാരയോടും കുടുംബത്തിനോടും ചെയ്ത തെറ്റിന് അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നു. അന്നത്തെ കാലത്ത് അതൊരു വംശീയ പരമാര്‍ശമാണെന്ന തിരിച്ചറിവില്ലാതെ ചെയ്തതതാണ്. പക്ഷെ അതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു-ബ്രൂക്സ് പറഞ്ഞു.

2012ല്‍ നടത്തിയ വംശീയ ചുവയുള്ള ട്വീറ്റുകളുടെ പേരിലും ഞാന്‍ മാപ്പു പറയുന്നു. ഈ ട്വീറ്റുകള്‍ കണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ അവരോടെല്ലാം മാപ്പു പറയുന്നുവെന്നും ബ്രൂക്സ് പറഞ്ഞു. സംഭവത്തില്‍ സോമര്‍സെറ്റ് കൗണ്ടി ടീമും വാര്‍ത്തക്കുറിപ്പ് ഇറക്കി. യോര്‍ക്‌ഷെയറിനായി കളിക്കുന്ന കാലത്ത് ബ്രൂക്സ് നടത്തിയ പരാമര്‍ശങ്ങളില്‍ അന്വേഷണം നടത്തുമെന്ന് സോമര്‍സെറ്റ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

യോര്‍ക്‌ഷെയറില്‍ കളിക്കുന്ന കാലത്ത് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ നടത്തി വംശീയ പരാമര്‍ശങ്ങലെക്കുറിച്ച് അസീം റഫീഖ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഇംഗ്ലീഷ് ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയിരുന്നു. പിന്നാലെ വോണിനെ ബിബിസി റേഡിയോയുടെ ഷോയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. റഫീഖിന്‍റ ആരോപമങ്ങള്‍ ശരിവെച്ച് മുന്‍ പാക് താരം റാണാ നവേദും ഇംഗ്ലണ് സ്പിന്നര്‍ ആദില്‍ റഷീദും രംഗത്തുവന്നിരുന്നു.

click me!