
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ്. ഒരു റണ്ണുമായി ക്യാപ്റ്റൻ യശസ്വി ജയ്സ്വാളും 62 റണ്‍സുമായി യശസ്വി ജയ്സ്വാളും ക്രീസില്‍. രണ്ട് റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും 31 റണ്‍സെടുത്ത കരുണ്‍ നായരുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്രിസ് വോക്സിനും ബ്രെയ്ഡന്‍ കാര്‍സിനുമാണ് വിക്കറ്റുകള്‍.
കരുതലോടെ തുടങ്ങി, ഒടുവില്‍ രാഹുല്‍ മടങ്ങി
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്കായി രാഹുലും ജയ്സ്വാളും കരുതലോടെയാണ് തുടങ്ങിയത്. പിച്ചില്‍ നിന്ന് ആദ്യ മണിക്കൂറില്‍ പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിച്ചില്ലെങ്കിലും രാഹുല്‍ അമിതപ്രതിരോധത്തിലേക്ക് വലിഞ്ഞു. മറുവശത്ത് മോശം പന്തുകള്‍ തെരഞ്ഞെടുത്ത് ജയ്സ്വാള്‍ ബൗണ്ടറികള്‍ നേടി. എന്നാല്‍ ഒമ്പതാം ഓവറില്‍ ക്രിസ് വോക്സിന്‍റെ പന്ത് പ്രതിരോധിച്ച രാഹുലിന് പിഴച്ചു. ബാറ്റുകൊണ്ട് പ്രതിരോധിച്ച പന്ത് ബെയ്ല്‍സിളക്കി. 26 പന്തില്‍ രണ്ട് റണ്‍സായിരുന്നു രാഹുലിന്‍റെ നേട്ടം.
മൂന്നാം നമ്പറില്‍ ക്രീസിലിറങ്ങിയ കരുണ്‍ നായര്‍ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത് മോശം പന്തുകള്‍ തെരഞ്ഞെുപിടിച്ച് അതിര്‍ത്തി കടത്തി കരുണും പതിഞ്ഞ തുടക്കത്തിനുശേഷം ആത്മവിശ്വാസം വീണ്ടെടുത്ത ജയ്സ്വാളും ചേര്‍ന്ന് ആദ്യ മണിക്കൂറില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 50 കടത്തി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പൊളിക്കാന്‍ ഇംഗ്ലണ്ട് ഷോര്‍ട്ട് ബോള്‍ തന്ത്രം പയറ്റിയെങ്കിലും വിജയിച്ചില്ല.
ഒടുവില്‍ കരുണ്‍ വീണു
ഒടുവില്‍ ലഞ്ചിന് തൊട്ടു മുമ്പുള്ള ഓവറില്‍ ബ്രെയ്ഡന്‍ കാര്‍സാണ് കരുണിനെ വീഴ്ത്തി 80 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ചത്. അഞ്ച് ബൗണ്ടറികളടക്കം 50 പന്തിലാണ് കരുണ്‍ 31 റണ്‍സ് നേടിയത്. ഗുഡ് ലെങ്ത്തില്‍ കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച കരുണിനെ സ്ലിപ്പില്‍ ഹാരി ബ്രൂക്ക് പിടികൂടി. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയുടെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി.
നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും സായ് സുദര്‍ശന് പകരം നീതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക