
ബംഗളൂരു: മാന്യനായ ക്രിക്കറ്ററെന്ന പേര് രാഹുല്‍ ദ്രാവിഡിനുണ്ട്. ദ്രാവിഡിനെതിരെ പ്രകോപനമുണ്ടായാല്‍ പോലും അദ്ദേഹം അങ്ങേയറ്റം ക്ഷമയോടെ മാത്രമേ നേരിടാറുള്ളൂ. അദ്ദേഹത്തിനെതിരെ ഒരാളും പരാതി പറയാറുമില്ല. എന്നാല്‍ ദേശീയ ടീമില്‍ കളിച്ചുകൊണ്ടിരിക്കെ ഒരു ഇന്ത്യന്‍ താരത്തിന് ദ്രാവിഡിനെതിരെ പരാതിയുണ്ടായിരുന്നു. ഹര്‍ഭജന്‍ സിങ്ങായിരുന്നു ആ താരം. ദ്രാവിഡ് തന്നെ ഇക്കാര്യം തുറന്ന് പറയുകയുണ്ടായി.
''ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ്'' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. എന്നാല്‍ വലിയ പ്രശ്‌നമൊന്നും ആയിരുന്നില്ലെന്നും ദ്രാവിഡ് സമ്മതിക്കുന്നു. ഇന്ത്യന്‍ ടീമില്‍ മോശം രീതിയില്‍ വസ്ത്രം ധരിക്കുന്നത് ആരെന്ന് ചോദിച്ചപ്പോള്‍ ഹര്‍ഭജന്‍ സിങ് ദ്രാവിഡിന്റെ പേര് പറയുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തുടര്‍ന്നു... ''ഹര്‍ഭജന്‍ സിങ്ങുമായി ഒരു പ്രശ്‌നമുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തോട് ആരോ ചോദിച്ചു, ഇന്ത്യന്‍ ടീമില്‍ മോശം രീതിയില്‍ വസ്ത്രം ധരിക്കുന്നത് ആരാണെന്ന്. ഹര്‍ഭജന്‍ എന്റെ പേര് പറയുകയായിരുന്നു.
എന്നാല്‍ ഞാന്‍ അക്കാര്യത്തിന് ശ്രദ്ധ കൊടുത്തില്ല. കാരണം, ഞാന്‍ ഏത് വസ്ത്രം ധരിക്കണം എന്നതിനെ കുറിച്ചൊന്നും കൂടുതല്‍ സമയം ചിന്തിക്കാറില്ല. എന്നാല്‍ എനിക്ക് ഒരു കാര്യം ഉറപ്പായിരുന്നു. വസ്ത്ര ധാരണത്തിന്റെ കാര്യത്തില്‍ ഞാന്‍ ജവഗല്‍ ശ്രീനാഥിനേക്കാളും മികച്ചവനായിരുന്നു. ശ്രീനാഥിന്റെ ചെരിപ്പ് പോലും അന്ന് മോശമായിരുന്നു.'' ദ്രാവിഡ് ചിരിച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.