
ട്രിനിഡാഡ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് 100-ാം ചരിത്ര ടെസ്റ്റ് മഴയില്‍ കുളിക്കുമോ എന്ന് ആശങ്ക. ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഇന്നരാംഭിക്കുന്ന ടെസ്റ്റിന്‍റെ ആദ്യദിനം മഴ പെയ്യാന്‍ വലിയ സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രവചിച്ചിരിക്കുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ ഇരു ടീമുകളും നൂറാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ആവേശം തണുപ്പിക്കുന്ന വാര്‍ത്തയാണിത്.
ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് തുടങ്ങേണ്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറാം ടെസ്റ്റാണിത് എന്നതാണ് പ്രധാന സവിശേഷത. ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ 500-ാം രാജ്യാന്തര മത്സരം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ നാഴികക്കല്ലിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാനാണ് കോലി ഒരുങ്ങുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എം എസ് ധോണി എന്നിവര്‍ മാത്രമാണ് ടീം ഇന്ത്യക്കായി 500ലേറെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ളൂ.
എന്നാല്‍ ചരിത്ര മത്സരത്തിന്‍റെ ആവേശം കെടുത്താന്‍ പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്ക് മഴ മേഘങ്ങള്‍ നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം മാത്രമല്ല, ടെസ്റ്റിന്‍റെ അഞ്ച് ദിനങ്ങളിലും മഴയ്‌ക്ക് സാധ്യത അക്വുവെതര്‍ പ്രവചിക്കുന്നു. ട്രിനിഡാഡില്‍ ഒന്നാം ദിനം രാവിലത്തെയും വൈകിട്ടത്തേയും സെഷനുകളില്‍ മഴയുടെ കളിയുണ്ടായേക്കാം. കൂടുതല്‍ സമയവും ട്രിനിഡാഡിന്‍റെ ആകാശം മേഘാവൃതമായിരിക്കും. എന്നാല്‍ അവസാന രണ്ട് ദിവസങ്ങളിലേക്ക് എത്തുമ്പോള്‍ കാലാവസ്ഥ കൂടുതല്‍ മെച്ചമാകും. മഴമേഘങ്ങളുടെ സാന്നിധ്യം കുറഞ്ഞുവരുന്നതിനാലാണിത്.
ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌കട്ട്, നവ്ദീപ് സെയ്‌നി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം