
ഹാമിൽട്ടൺ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം മഴമൂലം ടോസിനുശേഷം ഉപേക്ഷിച്ചു. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം ഒന്നര മണിക്കൂര്‍ വൈകി ടോസിടുകയും മത്സരം 40 ഓവര്‍ വീതമാക്കി വെട്ടിക്കുറക്കുകയും ചെയ്തിരുന്നെങ്കിലും ടോസിനുശേഷം ഇടവിട്ട് മഴ എത്തിയതോടെ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു. അഞ്ച് മത്സര പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച മൗണ്ട് മാുംഗനുയിലെ ബേ ഓവലിൽ നടക്കും. 15ന് ഇതേ വേദിയാലാണ് അഞ്ചാം മത്സരവും.
നേരത്തെ മൂന്നാം മത്സരത്തില്‍ നിര്‍ണായക ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിരുന്നു. മഴ മൂലം മത്സരം 40 ഓവറുകള്‍ വീതമാക്കി വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലാണ്. വെള്ളിയാഴ്ച നടക്കുന്ന നാലാം മത്സരം ജയിച്ചാൽ ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാനാവും.ടി20 പരമ്പര നഷ്ടമായതിന്‍റെ നിരാശമാറ്റാനും ഏകദിന പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനും അടുത്ത മത്സരത്തില്‍ കിവീസിന് വിജയം അനിവാര്യമാണ്.
അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ അടക്കം പ്രധാന താരങ്ങൾ വിട്ടുനിൽക്കുന്നതിനാല്‍ ഇന്ത്യക്ക് അടുത്ത രണ്ട് മത്സരങ്ങളും ജയിക്കുക എന്നത് വലിയ വെല്ലുവിളിയാകും. ഗില്ലിന്‍റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് അവസാന രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുന്നത്. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് ടെസ്റ്റ് ടീമിന്‍റെ ഭാഗമായ നായകൻ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പര്‍ കെ.എൽ. രാഹുൽ, പേസര്‍ അൻഷുൽ കംബോജ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടു നില്‍ക്കുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഗില്ലും രാഹുലും കംബോജും പ്ലേയിംഗ് ഇലവനിൽ കളിച്ചപ്പോള്‍ കുൽദീപിനും സിറാജിനും അവസരം ലഭിച്ചിരുന്നില്ല.
ഇവർക്കൊപ്പം ബാറ്റിംഗ് കോച്ച് സിതാങ്ഷു കൊട്ടക്, ഫാസ്റ്റ് ബൗളിംഗ് കോച്ച് മോണി മോർക്കൽ എന്നിവരും ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പ്രത്യേക പരിശീലന ക്യാമ്പിൽ പങ്കെടുക്കാനായി വെല്ലിംഗ്ടണിലേക്ക് പോകും. നവംബർ 19 മുതൽ 23 വരെ വെല്ലിംഗ്ടണിലെ ബേസിൻ റിസർവിലാണ് ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബർ 27 മുതൽ ഡിസംബർ 1 വരെ ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലിലും നടക്കും.
2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് ഈ പരമ്പരയിലെ രണ്ട് ടെസ്റ്റുകളും ജയിക്കേണ്ടതുണ്ട്. ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിൽ കളിച്ച യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരും ചൊവ്വാഴ്ച മത്സരം അവസാനിച്ച ശേഷം വെല്ലിംഗ്ടണിൽ സീനിയർ ടീമിനൊപ്പം ചേരും.റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ് എന്നിവരും ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ. എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷുൽ കംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!