വൈഭവിന് അതിവേഗ അര്‍ധ സെഞ്ചുറി; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

Published : Mar 30, 2026, 10:42 PM IST
Vaibhav Suryavanshi

Synopsis

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. വൈഭവ് സൂര്യവൻഷിയുടെ അതിവേഗ അർധ സെഞ്ചുറിയാണ് (17 പന്തിൽ 52) രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്.

ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4 ഓവറില്‍ 127ന് എല്ലാവരും പുറത്തായി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദ്രെ ബര്‍ഗര്‍, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് തകര്‍ത്തത്. 36 പന്തില്‍ 43 റണ്‍സ് നേടിയ ജാമി ഓവര്‍ടോണാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ചെന്നൈക്ക് വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ സഞ്ജു സാംസണ്‍ (6) നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 12.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 17 പന്തില്‍ 52 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. യശസ്വ ജയ്‌സ്വാള്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു.

ഓപ്പണിംഗ് വിക്കറ്റില്‍ വൈഭവ് - ജയ്‌സ്വാള്‍ സഖ്യം 75 റണ്‍സ് ചേര്‍ത്തിരുന്നു. 15 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ വൈഭവ് ഏഴാം ഓവറില്‍ മടങ്ങി. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ധ്രുവ് ജുറല്‍ (18) നേരത്തെ മടങ്ങിയെങ്കിലും ജയസ്വാള്‍ - റിയാന്‍ പരാഗ് (14) സഖ്യം രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ചെന്നൈക്ക് വേണ്ടി അന്‍ഷൂല്‍ കാംബോജ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ, സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ചെന്നൈക്ക്. ഓപ്പണറായെത്തിയ സഞ്ജു രണ്ടാം ഓവറിന്റെ അവസാന പന്തില്‍ തന്നെ ബൗള്‍ഡായി. ബര്‍ഗര്‍ക്കായിരുന്നു വിക്കറ്റ്. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാം ഓവറിന്റെ അവസാന പന്തില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദും (6) മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡായിട്ടാണ് ഗെയ്കവാദ് മടങ്ങിയത്. മൂന്നാമനായി എത്തിയ ആയുഷ് മാത്ര (0) നേരിട്ട ആദ്യ പന്തില്‍ തന്നെ കീഴടങ്ങി. ബര്‍ഗറിന്റെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. പവര്‍ പ്ലേ തീരുന്നതിന് തൊട്ടുമുമ്പ് മാത്യു ഷോര്‍ട്ടും (2) മടങ്ങി. സന്ദീപ് ശര്‍മയുടെ സ്ലോവറില്‍ മിഡ് ഓണില്‍ യശസ്വി ജയ്‌സ്വാളിന് ക്യാച്ച് നല്‍കുകയായിരുന്നു താരം.

സര്‍ഫറാസ് ഖാന്‍ (17), കാര്‍ത്തിക് ശര്‍മ (18) എന്നിവര്‍ അല്‍പനേരം ചെറുത്തുനിന്നെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. സര്‍ഫറാസിനെ ജഡേജയും കാര്‍ത്തികിനെ ബ്രിജേഷ് ശര്‍മയും പുറത്താക്കി. തുടര്‍ന്നെത്തിയ ശിവം ദുബെയെ (6) ജഡേജയും മടക്കി. നൂര്‍ അഹമ്മദ് (1), മാറ്റ് ഹെന്റി (5) എന്നിവരും പുറത്തായതോടെ ഒമ്പതിന് 94 എന്ന നിലയിലായി ചെന്നൈ. തുടര്‍ന്ന് ഓവര്‍ടോണ്‍ നടത്തിയ പ്രകടനമാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലേക്കെങ്കിലും നയിച്ചത്. അവസാന ഓവറില്‍ ഓവര്‍ടോണ്‍ റണ്ണൗട്ടായി. രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അന്‍ഷൂല്‍ കാംബോജ് (7) പുറത്താവാതെ നിന്നു. പരിക്കേറ്റ എം എസ് ധോണിയും ഡിവാള്‍ഡ് ബ്രേവിസും ഇല്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ന്നു; 128 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം
പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം; നസീം ഷായ്‌ക്കെതിരെ നടപടി സ്വീകരിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്