രാജസ്ഥാൻ ടീം മാനേജർ ഡഗ് ഔട്ടില്‍ ഫോൺ ഉപയോഗിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ, കാരണം ഗുരുതര ആരോഗ്യപ്രശ്നമെന്ന് സൂചന

Published : Apr 13, 2026, 09:52 AM IST
Rhumi Bhinder Phone

Synopsis

വെള്ളിയാഴ്ച ഗുവാഹത്തിയിൽ നടന്ന മത്സരത്തിനിടെയാണ് റൂമി ഭിന്ദർ രാജസ്ഥാൻ ഡഗ് ഔട്ടിലിരുന്ന് ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഗുവാഹത്തി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസ് ടീം മാനേജർ റൂമി ഭിന്ദർ ഡഗ് ഔട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തല്‍. ഡഗ് ഔട്ടിലിരുന്ന് ഫോണ്‍ ഉപയോഗിച്ചതിന് ബിസിസിഐയുടെ അഴിമതി വിരുദ്ധ-യൂണിറ്റ് റൂമി ഭിന്ദറിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ചട്ടലംഘനത്തിന് കാരണം ഭിന്ദറുടെ ഗുരുതര ആരോഗ്യപ്രശ്നമാണെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

വെള്ളിയാഴ്ച ഗുവാഹത്തിയിൽ നടന്ന മത്സരത്തിനിടെയാണ് റൂമി ഭിന്ദർ രാജസ്ഥാൻ ഡഗ് ഔട്ടിലിരുന്ന് ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കൗമാരതാരം വൈഭവ് സൂര്യവംശി ഭിന്ദറുടെ ഫോണിലേക്ക് ആകാംക്ഷയോടെ എത്തിനോക്കുന്നതും കാണാമായിരുന്നു. ബിസിസിഐയുടെ മാനദണ്ഡം അനുസരിച്ച് ഡ്രസ്സിംഗ് റൂമിൽ മാത്രമേ ടീം മാനേജർമാർക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. കളിക്കാരും സപ്പോർട്ട് സ്റ്റാഫും സ്റ്റേഡിയത്തിൽ എത്തുമ്പോൾ തന്നെ അവരുടെ ഫോണുകളും സ്മാർട്ട് വാച്ചുകളും സെക്യൂരിറ്റി ഓഫീസറെ ഏൽപ്പിക്കണം എന്നാണ് ചട്ടം. റൂമി ഈ ചട്ടം ലംഘിച്ചു എന്നായിരുന്നു പരാതി.

എന്നാല്‍ റൂമി ഭിന്ദർ ഫോൺ കൈവശം വെച്ചത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മുൻപ് റൂമി ഭിന്ദറുടെ രണ്ട് ശ്വാസകോശങ്ങളും പ്രവർത്തനരഹിതമാകുകയും ഒരാഴ്ചയോളം വെന്‍റിലേറ്ററിൽ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ഏകദേശം ഒരു മാസത്തോളം നാഗ്പൂരിലെ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹത്തിന് പത്ത് കിലോയോളം ഭാരം കുറഞ്ഞു. ആസ്ത്മ ഉള്ളതിനാൽ ദീർഘദൂരം നടക്കാനോ പടികൾ കയറാനോ ഡോക്ടർമാർ അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. ഡഗ് ഔട്ടിൽ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് എത്തണമെങ്കിൽ 50 അടിയോളം നടന്ന ശേഷം 20 പടികൾ കയറണം. ശാരീരികമായി തളർന്ന അദ്ദേഹത്തിന് ഇത് ബുദ്ധിമുട്ടായതിനാലാണ് ഡഗ് ഔട്ടിൽ തന്നെ ഇരുന്ന് ഫോൺ പരിശോധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

അദ്ദേഹം ഫോണിൽ കോളുകൾ വിളിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും വെറുതെ സ്ക്രോൾ ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഭിന്ദറുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ടീം മാനേജർ എന്ന നിലയിൽ നിയമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടെന്നും ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഫോൺ കൈവശം വെച്ചതെന്നും ഭിന്ദറെ അനുകൂലിക്കുന്നവർ പ്രതികരിച്ചു.

സംഭവത്തിൽ റൂമി ഭിന്ദറിന് ബിസിസിഐ നോട്ടീസ് നൽകിയിട്ടുണ്ട്. തന്‍റെ ഭാഗം വിശദീകരിക്കാൻ അദ്ദേഹത്തിന് സമയം അനുവദിച്ചിട്ടുണ്ട്. ഭിന്ദറുടെ ആരോഗ്യസ്ഥിതിയും മെഡിക്കൽ റിപ്പോർട്ടുകളും പരിഗണിച്ച് ബിസിസിഐ മനുഷ്യത്വപരമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ റോയൽസ് ക്യാമ്പ്. പരിക്കുകളും ആരോഗ്യപ്രശ്നങ്ങളും അലട്ടുന്ന താരങ്ങൾക്കും സപ്പോര്‍ട്ട് സ്റ്റാഫിും ഐപിഎൽ സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് നൽകണോ എന്ന കാര്യത്തിലും ബിസിസിഐ നിലപാട് നിർണായകമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹാർദിക് പുറത്തായത് തുള്ളിച്ചാടി ആഘോഷിച്ച് സഹോദരൻ ക്രുനാൽ പാണ്ഡ്യ; കലിപ്പിച്ച് മുംബൈ നായകൻ- വീഡിയോ
വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തി; ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ വൈഭവിന് പിന്നാലെ ആ‍ർസിബി നായകൻ