ഗ്രൗണ്ടിലും പരിശീലന സമയത്തും താരം പുലർത്തിയ കഠിനാധ്വാനവും അച്ചടക്കവുമാണ് ടീം മാനേജ്‌മെന്‍റിനെ ഈ പുരസ്കാരത്തിനായി തിലകിനെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
ഹരാരെ: ടി20 ക്രിക്കറ്റിൽ തുടർച്ചയായ ഏഴ് തോൽവികൾക്ക് വിരാമമിട്ട് സിംബാബ്‌വെയ്‌ക്കെതിരെ ജയം കുറിച്ചതിന് പിന്നാലെ, ഇന്ത്യൻ ടീം ഡ്രസ്സിങ് റൂമിൽ പുതിയൊരു പുരസ്കാരത്തിന് തുടക്കമിട്ട് താൽക്കാലിക പരിശീലകൻ വി.വി.എസ് ലക്ഷ്മൺ. റൺസിനും വിക്കറ്റുകൾക്കും അപ്പുറം കളിക്കാരുടെ സമർപ്പണത്തെയും പോസിറ്റീവ് നിലപാടിനെയും ആദരിക്കുന്നതിനായി 'ബെസ്റ്റ് ആറ്റിറ്റ്യൂഡ് അവാർഡ്' ആണ് ലക്ഷ്മൺ പ്രഖ്യാപിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം തിലക് വർമ്മയാണ് ഈ പുരസ്കാരം ആദ്യമായി ഏറ്റുവാങ്ങിയത്.
മത്സരത്തില്‍ ഒരു ക്യാച്ചും ഒരു ബൗണ്ടറിയും വിജയ റണ്ണും മാത്രമാണ് തിലകിന്‍റെ പേരിലുണ്ടായിരുന്നതെങ്കിലും, ഗ്രൗണ്ടിലും പരിശീലന സമയത്തും താരം പുലർത്തിയ കഠിനാധ്വാനവും അച്ചടക്കവുമാണ് ടീം മാനേജ്‌മെന്‍റിനെ ഈ പുരസ്കാരത്തിനായി തിലകിനെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. മത്സരത്തിലെ വ്യക്തിഗത പ്രകടനങ്ങൾക്ക് അപ്പുറം കളിക്കാരുടെ മനോഭാവത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വി.വി.എസ് ലക്ഷ്മൺ വ്യക്തമാക്കി. കളിക്കളത്തിലെ കഴിവിനോളം തന്നെ പ്രധാനമാണ് ഒരു കളിക്കാരന്‍റെ മനോഭാവവും. ടീം മാനേജ്‌മെന്‍റ് എന്ന നിലയിൽ, ഫീൽഡിംഗോ ബാറ്റിംഗോ ബൗളിംഗോ മാത്രമല്ല നമ്മൾ ഈ പരമ്പരയിൽ വിലയിരുത്തുന്നത്. ഓരോ കളിക്കാരന്‍റെയും പോസിറ്റീവ് സമീപനത്തെയും മനോഭാവത്തെയും നമ്മൾ അർഹിച്ച രീതിയിൽ ആദരിക്കും- വി.വി.എസ് ലക്ഷ്മൺ പറഞ്ഞു.
സപ്പോർട്ട് സ്റ്റാഫുകളായ ഹർഷ (സ്ട്രെങ്ത് & കണ്ടീഷനിങ് കോച്ച്), ജോയ് (പെർഫോമൻസ് കോച്ച്) എന്നിവരാണ് ആദ്യ മത്സരത്തിലെ വിജയിയായി തിലക് വർമ്മയെ തിരഞ്ഞെടുത്തത്. പരിശീലന സമയത്ത് തിലക് പുലർത്തുന്ന അതിയായ ഏകാഗ്രതയെയും കഠിനാധ്വാനത്തെയും സപ്പോർട്ട് സ്റ്റാഫ് പ്രശംസിച്ചു. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 7 വിക്കറ്റിന് തകർത്താണ് ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലെത്തിയത്.
