IPL 2022 Final : പൊളിച്ചെഴുതുമോ ടീമിനെ സഞ്ജു സാംസണ്‍; ഫൈനലില്‍ രാജസ്ഥാന്‍റെ സാധ്യതാ ഇലവന്‍

By Jomit JoseFirst Published May 29, 2022, 2:33 PM IST
Highlights

ഓറഞ്ച് ക്യാപുമായി കുതിക്കുന്ന ജോസ് ബട്‌ലര്‍ക്കൊപ്പം യശ്വസി ജയ്‌സ്വാള്‍ തന്നെയായിരിക്കും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക

അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ രണ്ടാം കിരീടത്തിന് തൊട്ടരികെയാണ് രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals). ഒരൊറ്റ ജയം കൊണ്ട് വിഖ്യാത ടി20 കിരീടം രണ്ടാംകുറിയും രാജസ്ഥാന്‍റെ ഷോക്കേസിലെത്തും. മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) നയിക്കുന്ന ടീം ഫൈനലില്‍(GT vs RR final) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ(Gujarat Titans) ആരെയൊക്കെയാവും പ്ലേയിംഗ് ഇലവനില്‍ അണിനിരത്തുക. ജോസ് ബട്‌ലറുടെ(Jos Buttler) വിസ്‌മയ ഫോമില്‍ സീസണില്‍ ഫൈനല്‍ വരെയെത്തിയ രാജസ്ഥാന്‍റെ ഇന്നത്തെ സാധ്യതാ ഇലവന്‍ നോക്കാം. 

ഓറഞ്ച് ക്യാപുമായി കുതിക്കുന്ന ജോസ് ബട്‌ലര്‍ക്കൊപ്പം യശ്വസി ജയ്‌സ്വാള്‍ തന്നെയായിരിക്കും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിക്കെതിരെ ഇരുവരും 61 റണ്‍സ് ചേര്‍ത്തിരുന്നു. ബട്‌ലറാവട്ടെ 60 പന്തില്‍ പുറത്താകാതെ 106* റണ്‍സ് നേടിയാണ് വരുന്നത്. സീസണില്‍ നാല് സെഞ്ചുറി സഹിതം 824 റണ്‍സ് ബട്‌ലര്‍ക്ക് സ്വന്തമായുണ്ട്. സഞ്ജു സാംസണ്‍, ദേവ്‌ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ എന്നിവരാകും മധ്യനിരയില്‍. രണ്ടാം ക്വാളിഫയറില്‍ ബട്‌ലര്‍ക്കൊപ്പം സ‌ഞ്ജു 52 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ചിരുന്നു. സീസണില്‍ സഞ്ജു 444 റണ്‍സ് നേടിക്കഴിഞ്ഞു. ആര്‍സിബിക്കെതിരെ 9ല്‍ പുറത്തായ പടിക്കല്‍ തിരിച്ചുവരവ് ലക്ഷ്യമിടും. അതേസമയം 303 റണ്‍സുമായി സീസണില്‍ ഹെറ്റ്‌മയര്‍ ഫോമിലാണ്. 

രവിചന്ദ്ര അശ്വിന്‍, റിയാന്‍ പരാഗ് ഓള്‍റൗണ്ട് സഖ്യത്തില്‍ രാജസ്ഥാന്‍ പൊളിച്ചെഴുത്ത് നടത്താന്‍ സാധ്യതയില്ല. കഴിഞ്ഞ മത്സരത്തില്‍ 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റേ നേടിയുള്ളൂവെങ്കിലും അശ്വിന്‍റെ പ്രകടനം നിര്‍ണായകമാകും. ബാറ്റ് കൊണ്ടും അശ്വിനില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നു. ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ, യുസ്‌‌വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയി എന്നിവര്‍ തുടരാന്‍ തന്നെയാണ് സാധ്യത. ആര്‍സിബിക്കെതിരെ മൂന്ന് വിക്കറ്റ് വീതം നേടി പ്രസിദ്ധും മക്കോയിയും ഫോമിലാണ്. 

രാജസ്ഥാന്‍ സാധ്യതാ ഇലവന്‍

യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്‌ദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ട്രെന്‍‌ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ, യുസ്‌‌വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയി. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ തുടങ്ങുക. സഞ്ജു സാംസണിലൂടെ ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകന്‍ കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനല്‍ കളിക്കുന്നത്. ടീമിന്‍റെ ആദ്യ റോയല്‍ നായകനായ ഷെയ്‌ന്‍ വോണിന് കിരീടം സമ്മാനിക്കുകയാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ലക്ഷ്യം. അതേസമയം ലീഗിലെ കന്നി ടീമായ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ്. 

IPL 2022 : സഞ്ജു വിമര്‍ശകര്‍ അറിയാന്‍; ഐപിഎല്ലില്‍ എക്കാലത്തെയും മികച്ച നേട്ടത്തിനരികെ മലയാളി താരം
 


 

click me!