ഐപിഎല്‍ ചരിത്രത്തില്‍ തന്‍റെ ഏറ്റവും മികച്ച റണ്‍വേട്ടയ്‌ക്ക് അരികെയാണ് സഞ്ജു സാംസണ്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍(IPL) ഒരു ടീമിനെ ആദ്യമായി ഫൈനലിലെത്തിച്ച മലയാളി നായകനാണ് സഞ്ജു സാംസണ്‍(Sanju Samson). ഓപ്പണര്‍ ജോസ് ബട്‌ലറുടെ വിസ്‌മയ ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ(Rajasthan Royals) കുതിപ്പെങ്കിലും സഞ്ജു സാംസണും ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മോശമാക്കിയില്ല. രണ്ടാം ക്വാളിഫയറില്‍ തന്‍റെ ഏറ്റവും വലിയ ശത്രുവായ ആര്‍സിബി സ്‌പിന്നര്‍ വനിന്ദു ഹസരങ്കയുടെ(Wanindu Hasaranga) തന്നെ പന്തില്‍ പുറത്തായെങ്കിലും സഞ്ജുവിന്‍റെ മികവ് അടയാളപ്പെടുത്തിയ സീസണാണിത്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തിളങ്ങിയാല്‍ ഒരു വ്യക്തിഗത നേട്ടം സഞ്ജുവിന് സ്വന്തമാകും.

ഐപിഎല്‍ ചരിത്രത്തില്‍ തന്‍റെ ഏറ്റവും മികച്ച റണ്‍വേട്ടയ്‌ക്ക് അരികെയാണ് സഞ്ജു സാംസണ്‍. ഈ സീസണില്‍ 16 കളിയില്‍ 29.60 ശരാശരിയില്‍ രണ്ട് അര്‍ധ സെഞ്ചുറികളോടെ 444 റണ്‍സാണ് ഇതുവരെ സ‌ഞ്ജു നേടിയത്. കഴിഞ്ഞ സീസണില്‍(ഐപിഎല്‍ 2021) 14 കളിയില്‍ 40.33 ശരാശരിയില്‍ 484 റണ്‍സ് അടിച്ചുകൂട്ടിയതാണ് ഇതുവരെ സഞ്ജു നടത്തിയ ഏറ്റവും വലിയ റണ്‍വേട്ട. നാളെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടക്കുന്ന ഫൈനലില്‍ 41 റണ്‍സ് കൂടി നേടിയാല്‍ ഈ റെക്കോര്‍ഡ് സഞ്ജുവിന് മറികടക്കാം. കഴിഞ്ഞ സീസണിനേക്കാള്‍(136.72) മികച്ച സ്‌ട്രൈക്ക് റേറ്റിലാണ്(147.51) ഇക്കുറി സഞ്ജു ബാറ്റ് വീശുന്നത്. 

ജോസ് ദ് ബോസ് 

ആര്‍സിബിക്കെതിരെ രണ്ടാം ക്വാളിഫയറില്‍ ജോസ് ബട്‌ലറുടെ ഇടിവെട്ട് സെഞ്ചുറിയില്‍ ഏഴ് വിക്കറ്റിന് ജയിച്ച് രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 157 റൺസ് ബട്‌ലറുടെ വെടിക്കെട്ടില്‍ 11 പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടന്നു. വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനലിലെത്തിയത്. 

തകർത്തടിച്ച് തുടങ്ങിയ യശസ്വീ ജയ്സ്വാൾ 21ൽ വീണെങ്കിലും ജോസ് ബട്‍ലർ ബാംഗ്ലൂരിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. 60 പന്തിൽ 10 ഫോറും ആറ് സിക്‌സും പറത്തിയ ബട്‍ലർ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസണെ 23ലും ദേവ്ദത്ത് പടിക്കലിനെ ഒൻപതിലും മടക്കിയെങ്കിലും ബാംഗ്ലൂരിന് ആശ്വസിക്കാന്‍ ഒന്നുമുണ്ടായില്ല. സീസണില്‍ മൂന്നാം തവണയും വനിന്ദു ഹസരങ്കയ്‌ക്ക് മുന്നില്‍ പുറത്താവുകയായിരുന്നു സഞ്ജു. ഹസരങ്കയെ ക്രീസ് വിട്ടിറങ്ങി അടിക്കാന്‍ ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്യുകയായിരുന്നു. 21 പന്തില്‍ സഞ്ജു ഒരു ഫോറും രണ്ട് സിക്‌സും നേടി.

നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണയും ഒബേദ് മക്കോയിയുമാണ് ബാംഗ്ലൂരിനെ 157ൽ പിടിച്ചുകെട്ടിയത്. 58 റൺസെടുത്ത രജത് പടിദാറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറർ. വിരാട് കോലി ഏഴ് റൺസിന് പുറത്തായി. അഹമ്മദാബാദിൽ നാളെയാണ് രാജസ്ഥാൻ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് കിരീടപ്പോരാട്ടം. ജയിച്ചാല്‍ സഞ്ജുവിന് നായകനെന്ന നിലയില്‍ ഐപിഎല്ലില്‍ ആദ്യ കിരീടമുയര്‍ത്താം. 

IPL 2022 : സഞ്ജു ക്യാപ്റ്റന്‍മാര്‍ക്ക് മാതൃക; ജോസ് ബട്‌ലര്‍ക്കും സഹതാരങ്ങള്‍ക്കും ഹൃദ്യമായ പ്രശംസ