
ബെംഗളൂരു: ദുലീപ് ട്രോഫി ഫൈനലില്‍ ദക്ഷിണ മേഖലക്കെതിരെ മധ്യമേഖല കൂറ്റന്‍ ലീഡിലേക്ക്. ദക്ഷിണ മേഖലയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 149 റണ്‍സിന് മറുപടിയായി മധ്യമേഖല രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റൻ രജത് പാട്ടീദാറിന്‍റെയും യാഷ് റാത്തോഡിന്‍റെയും സെഞ്ചുറികളുടെ മികവിലാണ് മധ്യമേഖല കൂറ്റന്‍ ലീഡിലേക്ക് കുതിക്കുന്നത്. 115 പന്തില്‍ 101 റണ്‍സെടുത്ത രജത് പാട്ടീദാര്‍ പുറത്തായപ്പോള്‍ 188 പന്തില്‍ 137 റണ്‍സുമായി യാഷ് റാത്തോഡ് ക്രീസിലുണ്ട്. 47 റണ്‍സുമായി സാരാന്‍ഷ് ജെയിനാണ് റാത്തോഡിനൊപ്പം ക്രീസിലുള്ളത്. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ മധ്യമേഖലക്കിപ്പോള്‍ 235 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ദക്ഷിണമേഖലക്കായി ഗുര്‍ജപ്നീത് സിംഗ് മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ മധ്യേഖലക്ക് തുടക്കത്തിലെ അക്ഷയ് വാഡ്കറെ നഷ്ടമായി. 22 റണ്‍സെടുത്ത വാഡ്കറെ കൗശിക് ബൗള്‍ഡാക്കുകയായിരുന്നു. ശുഭം ശര്‍മയും(6), അര്‍ധസെഞ്ചുറി നേടിയ ഡാനിശ് മലേവാറും(53) കൂടി മടങ്ങിയതോടെ മധ്യമേഖല 93-3ലേക്ക് വീണെങ്കിലും നാലാം വിക്കറ്റില്‍ യാഷ് റാത്തോഡ്-രജത് പാട്ടീദാര്‍ സഖ്യം 153 രണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ദക്ഷിണ മേഖലയുടെ പ്രതീക്ഷ കെടുത്തി. 115 പന്തില്‍ 101 റണ്‍സെടുത്ത രജത് പാട്ടീദാര്‍ 12 ഫോറും രണ്ട് സിക്സും പറത്തി. നേരത്തെ ക്വാര്‍ട്ടറില്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി രജത് പാട്ടീദാര്‍ സെമിയിലും അര്‍ധസെഞ്ചുറി നേടിയിരുന്നു. നാല് ഇന്നിംഗ്സില്‍ നിന്ന് 122.6 ശരാശരിയില്‍ 368 റണ്‍സാണ് രജത് പാട്ടീദാര്‍ ദുലീപ് ട്രോഫിയില്‍ അടിച്ചെടുത്തത്.
ഒമ്പത് ഫോര്‍ അടക്കമാണ് യാഷ് റാത്തോഡ് സെഞ്ചുറി തികച്ചത്. സെഞ്ചുറി നേടിയ രജത് പാട്ടീദാറിനെ പുറത്താക്കിയ ഗുര്‍ജപ്നീത് സിംഗ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഉപേന്ദ്ര യാദവിനെ മലയാളി താരം എം ഡി നിധീഷ് മടക്കിയെങ്കിലും സാരാന്‍ഷ് ജെയിനിനെ കൂട്ടുപിടിച്ച് യാഷ് റാത്തോഡ് സെഞ്ചുറി പൂര്‍ത്തിയാക്കി മധ്യമേഖലക്ക് കൂറ്റൻ ലീഡ് ഉറപ്പാക്കി. ഇന്നലെ ദക്ഷിണ മേഖല ഒന്നാം ഇന്നിംഗ്സില്‍ 149 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റെടുത്ത സാരാന്‍ഷ് ജെയിനും നാലു വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയയും ചേര്‍ന്നാണ് ദക്ഷിണ മേഖലയെ എറിഞ്ഞിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!