
ചണ്ഡീഗഡ്: ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യത്തെ പരോക്ഷമായി പിന്തുണച്ച് ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്സ്. ഞായറാഴ്ച ദുബായ് ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പഞ്ചാബ് കിംഗ്സ് പോസ്റ്ററില്‍ നിന്ന് പാകിസ്ഥാന്‍റെ പേര് ബോധപൂര്‍വം ഒഴിവാക്കി. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ രണ്ടാം മത്സരം ഞായറാഴ്ച ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ എന്നാണ് സൂര്യകുമാര്‍ യാദവിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും ചിത്രത്തോടെ പഞ്ചാബ് കിംഗ്സ് പങ്കുവെച്ച പോസ്റ്ററിലുള്ളത്. എതിരാളികളായ പാകിസ്ഥാന്‍റെ പേരുപോലും പരാമര്‍ശിച്ചില്ല എന്നു മാത്രമല്ല, പോസ്റ്റിന് കമന്‍റുകളുടെ ബാഹുല്യമായതോടെ കമന്‍റ് ബോക്സ് ഓഫാക്കി ഇടുകയും ചെയ്കു.
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ മത്സരിക്കാനിറങ്ങരുതെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പൂനെയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകനായ കേതന്‍ തിരോദ്കറാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഐസിസി ടൂര്‍ണമെന്‍റുകളിലായാലും ഇന്ത്യ പാകിസ്ഥാനിലോ പാകിസ്ഥാന്‍ ഇന്ത്യയിലോ കളിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്. ഏഷ്യാ കപ്പില്‍ ഞായറാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഈ വര്‍ഷ ആദ്യം ചാമ്പ്യന്‍സ് ട്രോഫിയില്‍ ദുബായിലാണ് ഇരു ടീമും അവസാനം നേര്‍ക്കുനേര്‍ വന്നത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎഇയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തപ്പോള്‍ പാകിസ്ഥാന്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഒമാനെ നേരിടാനിറങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!