എന്നാല്‍ പിന്നെ നമുക്ക് ഒരുമിച്ച് വിരമിക്കാം; റമീസ് രാജയ്ക്ക് മറുപടിയുമായി ഷൊയൈബ് മാലിക്ക്

By Web TeamFirst Published Apr 9, 2020, 10:49 PM IST
Highlights

2022ല്‍ വിരമിച്ചശേഷം താങ്കള്‍ക്ക് എന്തായാലും കമന്ററി രംഗത്തേക്ക് വരാനാവില്ല. കാരണം അപ്പോഴേക്കും താങ്കള്‍ക്ക് എന്റെ പ്രായമാവുമല്ലൊ. പിന്നെ താങ്കളെപ്പോലുള്ളവരുടെ ഉപദേശം എനിക്കാവശ്യമില്ല.കാരണം ഞാന്‍ വിരമിച്ചത് പാക്കിസ്ഥാന്‍ നായകനായിരുന്നപ്പോഴാണെന്ന് അറിയാമല്ലോ എന്നായിരുന്നു റമീസ് രാജയുടെ മറുപടി.

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളായ ഷൊയൈബ് മാലിക്കും മുഹമ്മദ് ഹഫീസും മാന്യമായി വിരമിക്കണമെന്ന മുന്‍ നായകന്‍ റമീസ് രാജയുടെ അഭിപ്രായത്തോട് പ്രതികരിച്ച് മാലിക്ക്. താങ്കള്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. എന്തായാലും നമ്മള്‍ മൂന്നാളും നമ്മുടെ കരിയറിന്റെ അവസാനത്തിലാണ്. അതുകൊണ്ട് നമുക്ക് മൂന്നാള്‍ക്കും 2022ല്‍ മാന്യമായി വിരമിക്കാം എന്നായിരുന്നു പരിഹാസരൂപേണ മാലിക്കിന്റെ മറുപടി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് റമീസ് രാജയിപ്പോള്‍.

Yes bhai agreed. Since all 3 of us are the end of our careers let’s retire gracefully together - I’ll call and let’s plan this for 2022? 😅 https://t.co/vTwf9zzYOC

— Shoaib Malik 🇵🇰 (@realshoaibmalik)

എന്നാല്‍ മാലിക്കിന്റെ പരിഹാസത്തിന് ഉടന്‍ മറുപടിയുമായി റമീസ് രാജ രംഗത്തെത്തി. മാന്യമായി വിരമിക്കണോ എന്തില്‍ നിന്ന്, പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ നന്‍മയെ കരുതിയും പാക്ക് ക്രിക്കറ്റിനെ വീണ്ടും മികച്ച നിലവാരത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ പറഞ്ഞത്. എന്തായാലും താങ്കള്‍ മാന്യമായി വിരമിക്കാന്‍ സാധ്യത കാണുന്നില്ല. പിന്നെ 2022ല്‍ വിരമിച്ചശേഷം താങ്കള്‍ക്ക് എന്തായാലും കമന്ററി രംഗത്തേക്ക് വരാനാവില്ല. കാരണം അപ്പോഴേക്കും താങ്കള്‍ക്ക് എന്റെ പ്രായമാവുമല്ലൊ. പിന്നെ താങ്കളെപ്പോലുള്ളവരുടെ ഉപദേശം എനിക്കാവശ്യമില്ല.കാരണം ഞാന്‍ വിരമിച്ചത് പാക്കിസ്ഥാന്‍ നായകനായിരുന്നപ്പോഴാണെന്ന് അറിയാമല്ലോ എന്നായിരുന്നു റമീസ് രാജയുടെ മറുപടി.

അതേസമയം, ഹഫീസ് പ്രതികരണത്തിന് തയാറായില്ല. എന്നാല്‍ മാലിക്കും ഹഫീസും വിരമിക്കണമെന്ന റമീസ് രാജയുടെ അഭിപ്രായം അസമയത്താണെന്നും ഇരുവര്‍ക്കും പറ്റിയ പകരക്കാരെ ലഭിക്കാതെ അവരുടെ വിരമിക്കലിനെക്കുറിച്ച് പുറയുന്നതുകൊണ്ട് യാതൊരു ഗുണവുമില്ലെന്നും അക്വിബ് ജാവേദ് പറഞ്ഞു. 1999 ല്‍ പാക്കിസ്ഥാന് വേണ്ടി അരങ്ങേറിയ മാലിക്കിന് ഇപ്പോള്‍ 38 വയസായി.2003ല്‍ പാക് ടീമിലെത്തിയ ഹഫീസിനാകട്ടെ 39 വയസും. ഇരുവരും ഏകദിന ലോകകപ്പിനുശേഷം വിരമിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. മോശം പ്രകടനത്തെത്തുടര്‍ന്ന് ലോകകപ്പിനുശേഷം ടീമില്‍ നിന്ന് പുറത്തായ ഇരുവരെയും ഈ വര്‍ഷം ഫെബ്രുവരിയില്‍ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു.

click me!