അദ്ദേഹത്തിന് കീഴില്‍ മികച്ച താരങ്ങളുണ്ടാവും, പാവങ്ങളുടെ ധോണിയാണ് മിസ്ബ: റമീസ് രാജ

By Web TeamFirst Published Mar 20, 2021, 2:53 PM IST
Highlights

നിലവില്‍ പാക് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ മിസ്ബാ ഉള്‍ ഹഖിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയോടാണ് റമീസ് രാജ താരതമ്യം ചെയ്തിരിക്കുന്നത്.

ലാഹോര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെയേറെ ശാന്തനായ ക്യാപ്റ്റനായിരുന്നു പാകിസ്ഥാന്റെ മിസ്ബ ഉള്‍ ഹഖ്. കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വിവാദങ്ങളൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നിലവില്‍ പാക് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ മിസ്ബാ ഉള്‍ ഹഖിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയോടാണ് റമീസ് രാജ താരതമ്യം ചെയ്തിരിക്കുന്നത്.

പാവങ്ങളുടെ ധോണിയാണ് മിസ്ബ എന്നാണ് മുന്‍ പാകിസ്ഥാന്‍ താരം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഗ്രൗണ്ടില്‍ ഏറെ ശാന്തനായിരുന്നു ധോണി. വലിയ വികാരവിക്ഷോഭങ്ങളൊന്നുമില്ല. ഒന്നിനോടും വൈകാരികമായി പ്രതികരിക്കില്ല. ധോണി ക്യാപ്റ്റന്‍സിയില്‍ കാണിച്ച ഈ സ്വഭാവം തന്നെയാണ് മിസ്ബ പരിശീലകന്‍ എന്ന നിലയിലും കാണിക്കുന്നത്. പാവങ്ങളുടെ ധോണിയാണ് മിസ്ബ. എന്നാലിപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ജിപിഎസ് ശരിയായ സ്ഥാനത്ത് വെക്കുകയാണ് മിസ്ബ ചെയ്യേണ്ടത്. 

കഴിവുള്ള താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കും. പ്രതികൂല ഫലം ലഭിച്ചാല്‍ പോലും നമ്മള്‍ ഭയപ്പെടേണ്ടതായില്ല. പാകിസ്ഥാന്‍ ക്രിക്കറ്റിന് വിദേശ പരിശീലകരുടെ ആവശ്യമില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അതാത് ഡിപ്പാര്‍ട്ട്‌മെന്റിന് മാത്രം പരിശീലകരെ നിയമിക്കുന്നതാണ് ഉചിതം.'' റമീസ് വ്യക്തമാക്കി.

അടുത്ത സീസണ്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഉണ്ടാവുന്ന സമയത്ത് തന്നെ ഏകദിന-ടി20 പരമ്പരകള്‍ നടക്കരുതെന്നും അദ്ദേഹം പറഞ്ഞു. പോയിന്റ് സിസ്റ്റം വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!