Ranji Trophy 2021-22: ഒന്നാം ഇന്നിംഗ്സ് ലീഡിന് പിന്നാലെ ഗുജറാത്തിനെ എറിഞ്ഞിട്ട് കേരളം, വിജയപ്രതീക്ഷ

By Web TeamFirst Published Feb 26, 2022, 5:47 PM IST
Highlights

ആദ്യ ഇന്നിംഗ്സില്‍ ഗുജറാത്തിന്‍റെ ടോപ് സ്കോററായ ഹേത് പട്ടേലിനെ സിജോമോന്‍ ജോസഫ് പുറത്താക്കിയത് കേരത്തിന്‍റെ പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ 84-5ലേക്ക് വീണ ഗുജറാത്തിനെ ആറാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ കരണ്‍ പട്ടേലും ഉമാങും ചേര്‍ന്നാണ് 100 കടത്തിയത്.

രാജ്കോട്ട്: രാജ്‌കോട്ട്: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് പോരാട്ടത്തില്‍( Ranji Trophy 2021-22) ഗുജറാത്തിനെതിരെ കേരളത്തിന്(Gujarat vs Kerala) വിജയപ്രതീക്ഷ. നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയതിന് പിന്നാലെ ഗുജറാത്തിനെ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ചയിലേക്ക് തള്ളിവിട്ടാണ് മൂന്നാം ദിനം വിജയപ്രതീക്ഷയോടെ കേരളം ക്രീസ് വിട്ടത്. ഗുജറാത്തിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 388നെതിരെ കേരളം 439 റണ്‍സ് നേടി പുറത്തായി.

51 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി മൂന്നാം ദിനം ക്രീസിലിറങ്ങിയ ഗുജറാത്ത് സ്റ്റംപെടുക്കുമ്പോള്‍ 128-5 എന്ന നിലയിലാണ്. 77 റണ്‍സിന്‍റെ ലീഡ് മാത്രമുള്ള ഗുജറാത്തിന് ക്രീസിലുള്ള കരണ്‍ പട്ടേലിലാണ്(Karan Patel) പ്രതീക്ഷ. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി തിളങ്ങിയ കരണ്‍ പട്ടേലിനൊപ്പം(28) ഉമാങ് കുമാറാണ്(Umang Kumar-25) ക്രീസില്‍.

ആദ്യ ഇന്നിംഗ്സില്‍ ഗുജറാത്തിന്‍റെ ടോപ് സ്കോററായ ഹേത് പട്ടേലിനെ(Het Patel-6) സിജോമോന്‍ ജോസഫ് പുറത്താക്കിയത് കേരത്തിന്‍റെ പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ 84-5ലേക്ക് വീണ ഗുജറാത്തിനെ ആറാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ കരണ്‍ പട്ടേലും ഉമാങും ചേര്‍ന്നാണ് 100 കടത്തിയത്. കേരളത്തിനായി ബേസില്‍ തമ്പി രണ്ടും നിധീഷ്, ജലജ് സക്സേന, സിജോമോന്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

കേരളത്തിന് കാത്തത് വിഷ്ണു വിനോദിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി

രോഹന്‍ കുന്നുമ്മലിന് പുറമെ (129), വിഷ്ണു വിനോദും(Vishnu Vinod-113) സെഞ്ചുറി നേടിയതാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. നാലിന് 277 റണ്‍സെന്ന നിലയിലാണ് കേരളം മൂന്നാദിനം കളി ആരംഭിച്ചത്. എന്നാല്‍ സ്വന്തം സ്‌കോറിനോട് നാല് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് വത്സല്‍ ഗോവിന്ദ് മടങ്ങി. 25 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. എന്നാല്‍ വിഷ്ണുവിനൊപ്പം 98 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ വത്സലിനായിരുന്നു. ആക്രമിച്ച് കളിച്ച വിഷ്ണുവാണ് കൂടുതല്‍ സംഭാവന നല്‍കിയത്.

വത്സലിന് ശേഷം ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ (6), സിജോമോന്‍ ജോസഫ് (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ബേസില്‍ തമ്പി (15), ഏദന്‍ ആപ്പിള്‍ ടോം (16), നിധീഷ് എം ഡി(9) എന്നിവരെ കൂട്ടുപിടിച്ചാണ് വിഷ്ണു സ്‌കോര്‍ 400 കടത്തിയത്. 143 പന്തില്‍ ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതാണ് വിഷ്ണുവിന്‍റെ ഇന്നിംഗ്‌സ്. എസ് എ ദേശായ്  ഗുജറാത്തിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ (Rohan Kunnummal) തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് കേരളം രണ്ടാം ദിനം ശക്തമായ നിലയിലെത്തിയത്. 171 പന്തില്‍ 129 റണ്‍സെടുത്ത് പുറത്തായ രോഹന് പുറമെ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും(53), 44 റണ്‍സെടുത്ത പി രാഹുലും കേരളത്തിനായി ബാറ്റിംഗില്‍ തിളങ്ങി.

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുലും രോഹനും ചേര്‍ന്ന് 85 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന് മികച്ച സ്‌കോറിലേക്കുളള അടിത്തറയിട്ടു. വണ്‍ ഡൗണായി എത്തിയ ജലജ് സക്‌സേന(4) നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയ രോഹന്‍ കേരളത്തെ ശക്തമായ നിലയില്‍ എത്തിച്ചു.101 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 220 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. സ്‌കോര്‍ 250 കടക്കും മുമ്പ് രോഹന്റെ വിക്കറ്റും കേരളത്തിന് രണ്ടാം ദിനം നഷ്ടമായി. 16 ഫോറും നാല് സിക്‌സും പറത്തിയാണ് രോഹന്‍ 129 റണ്‍സെടുത്തത്.

click me!