രഞ്ജി ട്രോഫിക്കിടെ ഹനുമാ വിഹാരിക്ക് പരിക്ക്; ആശങ്ക

By Web TeamFirst Published Jan 31, 2023, 4:03 PM IST
Highlights

ഇന്ത്യന്‍ ടീമിനായി 2022 ജൂലൈയില്‍ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിലാണ് ഹനുമാ വിഹാരി അവസാനമായി കളിച്ചത്

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ഇന്ത്യന്‍ ബാറ്ററും ആന്ധ്രാ ക്യാപ്റ്റനുമായ ഹനുമാ വിഹാരിക്ക് പരിക്ക്. മധ്യപ്രദേശ് പേസര്‍ ആവേഷ് ഖാന്‍ ബൗണ്‍സറേറ്റ് വിഹാരിയുടെ ഇടത്തേ കൈക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ 37 പന്തില്‍ 16 റണ്‍സുമായി വിഹാരി റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. അഭിഷേ‌ക് റെഡി പുറത്തായതോടെ മൂന്നാമനായാണ് വിഹാരി ക്രീസിലെത്തിയത്. 

ഇന്ത്യന്‍ ടീമിനായി 2022 ജൂലൈയില്‍ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിലാണ് ഹനുമാ വിഹാരി അവസാനമായി കളിച്ചത്. ഇതിന് ശേഷം ബംഗ്ലാദേശ്, ഓസ്ട്രേലിയ പരമ്പരകള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്ന് വിഹാരിയെ ഒഴിവാക്കിയിരുന്നു. ഈ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ 13 ഇന്നിംഗ്‌സില്‍ രണ്ട് ഫിഫ്റ്റികളോടെ 38.66 ശരാശരിയില്‍ 464 റണ്‍സാണ് ഇരുപത്തിയൊമ്പതുകാരനായ വിഹാരിയുടെ സമ്പാദ്യം. ടീം ഇന്ത്യക്കായി 16 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വിഹാരി 42.2 ശരാശയില്‍ 839 റണ്‍സാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടുന്നു. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2018ല്‍ ഇംഗ്ലണ്ടിന് എതിരെയായിരുന്നു വിഹാരിയുടെ ടെസ്റ്റ് അരങ്ങേറ്റം. 

ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ ദിനം മൂന്നാം സെഷന്‍ പുരോഗമിക്കുമ്പോള്‍ ആന്ധ്ര 65 ഓവറില്‍ രണ്ട് വിക്കറ്റിന് 211 എന്ന ശക്തമായ നിലയിലാണ്. അഭിഷേക് റെഡി 22 ഉം സിആര്‍ ഗ്വാനേശ്വര്‍ 24 ഉം റണ്‍സെടുത്ത് പുറത്തായി. ഗൗരവ് യാദവിനാണ് ഇരു വിക്കറ്റുകളും. 142 പന്തില്‍ 94 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ റിക്കി ബുയിയും 142 പന്തില്‍ 53 റണ്‍സുമായി കിര്‍ദനന്ദ് കരണ്‍ ഷിണ്ഡെയുമാണ് ക്രീസില്‍. 16 റണ്‍സില്‍ നില്‍ക്കേ പരിക്കേറ്റ് മടങ്ങിയ വിഹാരി ഇനി കളിക്കുമോ എന്ന കാര്യത്തില്‍ പുതിയ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

ലഖ്നൗവില്‍ സ്പിന്‍ പിച്ചൊരുക്കിയത് ഇന്ത്യന്‍ ടീമിന്‍റെ ആവശ്യപ്രകാരം; എന്നിട്ടും പണി കിട്ടിയത് ക്യറേറ്റര്‍ക്ക്

click me!