Asianet News MalayalamAsianet News Malayalam

ലഖ്നൗവില്‍ സ്പിന്‍ പിച്ചൊരുക്കിയത് ഇന്ത്യന്‍ ടീമിന്‍റെ ആവശ്യപ്രകാരം; എന്നിട്ടും പണി കിട്ടിയത് ക്യറേറ്റര്‍ക്ക്

മത്സരത്തിന് മൂന്ന് ദിവസം മുമ്പ് പുതിയ സ്പിന്‍ പിച്ച് വേണമെന്ന് ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അവസാന നിമിഷം ചുവന്ന കളിമണ്ണുകൊണ്ട് നിര്‍മിച്ച പിച്ചിലേക്ക് മത്സരം മാറ്റി.

India vs New Zealand: Lucknow curator changes pitch on Indian team's request reports
Author
First Published Jan 31, 2023, 12:59 PM IST

ലഖ്നൗ: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി സ്പിന്‍ പിച്ചൊരുക്കിയെന്ന ആരോപണത്തില്‍ പിച്ച് തയാറാക്കിയ ക്യൂറേറ്ററെ ബിസിസിഐ മാറ്റിയെങ്കിലും വിവാദം ഒഴിയുന്നില്ല. ലഖ്നൗവില്‍ സ്പിന്‍ പിച്ചൊരുക്കിയത് ഇന്ത്യന്‍ ടീമിന്‍റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അവസാന നിമിഷമാണ് ഇന്ത്യന്‍ ടീം സ്പിന്‍ പിച്ച് വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇരുണ്ട നിറമുള്ള കളിമണ്ണുകൊണ്ടുള്ള രണ്ട് പിച്ചുകളായിരുന്നു മത്സരത്തിനായി ക്യൂറേറ്ററായ സുരേന്ദര്‍ കുമാര്‍ തയാറാക്കിയിരുന്നത്. എന്നാല്‍ മത്സരത്തിന് മൂന്ന് ദിവസം മുമ്പ് പുതിയ സ്പിന്‍ പിച്ച് വേണമെന്ന് ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അവസാന നിമിഷം ചുവന്ന കളിമണ്ണുകൊണ്ട് നിര്‍മിച്ച പിച്ചിലേക്ക് മത്സരം മാറ്റി. എന്നാല്‍ മത്സരത്തിനായി പിച്ചൊരുക്കാന്‍ ആവശ്യമായ സമയമോ സാവകാശമോ ക്യൂറേറ്റര്‍ക്ക് ലഭിച്ചതുമില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ സമയം കൊണ്ട് തയാറാക്കിയ പിച്ച് വേഗം കുറഞ്ഞ് ബാറ്റിംഗ് ദുഷ്കരമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐപിഎല്‍ മുന്നില്‍ കണ്ട് സുരേന്ദര്‍ കുമാറിന് പകരം ഗ്വാളിയാറില്‍ നിന്നുള്ള സഞ്ജീവ് അഗര്‍വാളിനെ ലഖ്നൗവിലെ പുതിയ ക്യൂറേറ്ററായി ബിസിസിഐ നിയോഗിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഹോം മാച്ചുകള്‍ കളിക്കേണ്ടത് ഈ ഗ്രൗണ്ടിലാണ്. കുറഞ്ഞ സ്കോര്‍ മത്സരങ്ങള്‍ കാണികളെ നിരാശരാക്കുമെന്നതിനാലാണ് ബിസിസിഐ പുതിയ ക്യൂറേറ്ററെ നിയോഗിച്ചിരിക്കുന്നത്.

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് സൂര്യകുമാര്‍ യാദവ്, 'മിസ്റ്റര്‍ 360 ഡിഗ്രി'യെന്ന് യുപി മുഖ്യമന്ത്രി

രണ്ടാം ടി20 മത്സരത്തിന് വേദിയായ ലഖ്നൗവിലെ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മത്സരശേഷം പരസ്യമായി രംഗത്തെത്തിയിരുന്നു. ഞെട്ടിക്കുന്ന വിക്കറ്റായിരുന്നു ലഖ്നൗവിലേതെന്ന് ഹാര്‍ദ്ദിക് മത്സരശേഷം പറ‍ഞ്ഞിരുന്നു. നിലവാരമില്ലാത്ത പിച്ചാണ് ലഖ്നൗവിലേതെന്ന് കമന്‍റേറ്ററായ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും തുറന്നടിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് മാത്രമടിച്ചപ്പോള്‍ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. സ്പിന്നര്‍മാരെ അമിതമായി തുണച്ച പിച്ചില്‍ നിന്ന് അസാധാരണ ടേണും ബൗണ്‍സുമാണ് ലഭിച്ചത്. പേസര്‍മാര്‍ക്ക് മത്സരത്തില്‍ കാര്യമായ റോളെ ഇല്ലായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്സിലെ 18 ഓവറും ന്യൂസിലന്‍ഡ് സ്പിന്നര്‍മാരെക്കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ഒറ്റ സിക്സ് പോലും പിറന്നില്ല. ഇരു ഇന്നിംഗ്സിലുമായി ആകെ പിറന്നത് 14 ബൗണ്ടറികള്‍ മാത്രമായിരുന്നു.

Follow Us:
Download App:
  • android
  • ios