രഞ്ജി ട്രോഫി; സര്‍വീസസിനെ എറിഞ്ഞ് പ്രതിരോധത്തിലാക്കി കേരളം

By Web TeamFirst Published Jan 11, 2023, 5:40 PM IST
Highlights

സര്‍വീസസിനായി രവി ചൗഹാന്‍ അര്‍ധ സെഞ്ചുറി നേടി. ചൗഹാന്‍ 114 പന്തില്‍ 50 റണ്‍സുമായി പുറത്തായി. 

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്‌‌സ് സ്കോറായ 327 റണ്‍സ് പിന്തുടരുന്ന സര്‍വീസസ് പ്രതിരോധത്തില്‍. സെന്‍റ് സേവ്യര്‍സ് ഗ്രൗണ്ടില്‍ രണ്ടാം ദിനം സ്റ്റംപെടുത്തപ്പോള്‍ 53 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സ് എന്ന നിലയിലാണ് സര്‍വീസസ്. കേരളത്തിന്‍റെ സ്‌കോറിനേക്കാള്‍ 160 റണ്‍സ് പിന്നിലാണ് സര്‍വീസസ് ഇപ്പോള്‍. രണ്ട് വിക്കറ്റ് വീതവുമായി വൈശാഖ് ചന്ദ്രനും ജലജ് സക്‌സേനയും ഓരോ വിക്കറ്റ് നേടി എം ഡി നിഥീഷും സിജോമോന്‍ ജോസഫും തിളങ്ങി. 

സര്‍വീസസിനായി രവി ചൗഹാന്‍ അര്‍ധ സെഞ്ചുറി നേടി. ചൗഹാന്‍ 114 പന്തില്‍ 50 റണ്‍സുമായി പുറത്തായി. ശുഭം രോഹില്ല(67 പന്തില്‍ 31), സുഫിയാന്‍ ആലം(29 പന്തില്‍ 18), ഗാലൗത് രാഹുല്‍ സിംഗ്(14 പന്തില്‍ 19), നായകന്‍ രജത് പലിവാല്‍(22 പന്തില്‍ 11), എല്‍ എസ് കുമാര്‍(35 പന്തില്‍ 12) എന്നിവരുടെ വിക്കറ്റാണ് സര്‍വീസസിന് നഷ്‌ടമായത്. പുല്‍കിത് നരംഗ്(29 പന്തില്‍ 10*), മോഹിത് രാത്തീ(9 പന്തില്‍ 8*) എന്നിവരാണ് രണ്ടാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ ക്രീസില്‍.  

തിളങ്ങി സച്ചിന്‍ ബേബി

കേരളം ഒന്നാം ഇന്നിംഗ്സില്‍ 121 ഓവറില്‍ 327 റണ്‍സിന് പുറത്തായി. 254-6 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ കേരളത്തെ സച്ചിന്‍ ബേബിയും ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫും ചേര്‍ന്ന് 300 കടത്തിയിരുന്നു. സ്കോര്‍ 311ല്‍ നില്‍ക്കെ സിജോമോന്‍ ജോസഫിനെ പുറത്താക്കി എം എസ് രാത്തീ ആണ് സര്‍വീസസിന് ബ്രേക്ക് ത്രൂ നല്‍കിയത്. 55 റണ്‍സെടുത്ത സിജോമോനെ രാത്തീ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പൊരുതി നിന്ന സച്ചിന്‍ ബേബി റണ്ണൗട്ടായി. 308 പന്ത് നേരിട്ട സച്ചിന്‍ ബേബി159 റണ്‍സെടുത്ത് മടങ്ങി. 

പി രാഹുല്‍(13 പന്തില്‍ 0), ജലജ് സക്‌സേന(10 പന്തില്‍ 8), രോഹന്‍ പ്രേം(6 പന്തില്‍ 1), വത്‌സല്‍ ഗോവിന്ദ്(13 പന്തില്‍ 1), സല്‍മാന്‍ നിസാര്‍(97 പന്തില്‍ 42), അക്ഷയ് ചന്ദ്രന്‍(72 പന്തില്‍ 32), വൈശാഖ് ചന്ദ്രന്‍(13 പന്തില്‍ 4*), ബേസില്‍ തമ്പി(0), എം ഡി നിഥീഷ്(12 പന്തില്‍ 11) എന്നിങ്ങനെയായിരുന്നു മറ്റ് കേരള താരങ്ങളുടെ സ്കോര്‍. 

രഞ്ജി ട്രോഫി: സര്‍വീസസിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍

click me!