ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇഷ്തിയാക് സാദേഖ് രാജിവച്ചു. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
ധാക്ക: ഇഷ്തിയാക് സാദേഖ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചു. കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജി സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് ലോകകപ്പില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് രാജി. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ ആവില്ലെന്നും വേദി മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചിരുന്നു. എന്നാല്‍ ഐസിസി ഈ ആവശ്യത്തോട് വഴങ്ങിയില്ല. ബംഗ്ലാദേശ് തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. പിന്നാലെയാണ് ഇഷ്തിയാക് സാദേഖ് തന്റെ രാജി സമര്‍പ്പിക്കുന്നത്.
രാജിയെ തുടര്‍ന്ന് അദ്ദേഹം വ്യക്തമാക്കിയതിങ്ങനെ... ''ഞാന്‍ രാജിവയ്ക്കുകയാണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്റെ കുടുംബപരവും വ്യക്തിപരമായ പ്രതിബദ്ധതകളും കാരണം എനിക്ക് തുടരാന്‍ സാധിക്കുന്നില്ല. ഗെയിം ഡെവലപ്മെന്റ് വികസിപ്പിക്കുന്നതിന് ആവശ്യമായ ശ്രമം നല്‍കാന്‍ എനിക്ക് കഴിയില്ല. ഈ സ്ഥാനത്തോട് നീതി പുലര്‍ത്താന്‍ കഴിയാത്തതില്‍ എനിക്ക് വ്യക്തിപരമായി ഖേദമുണ്ട്. അതുകൊണ്ട് രാജി സമര്‍പ്പിക്കുന്നു.'' ഇഷ്തിയാക് പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു... ''ബോര്‍ഡിലുള്ള ആരെങ്കിലുമായുള്ള പ്രശ്‌നങ്ങളൂുടെ പേരിലല്ല രാജി. മറ്റാരെങ്കിലും പരാതി നല്‍കിയിട്ടോ ആണ് ഞാന്‍ പോകുന്നുവെന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്. എനിക്ക് ശേഷം വരുന്നവര്‍ക്ക് ബംഗ്ലാദേശിന്റെ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്.'' അദ്ദേഹം പറഞ്ഞു.

