അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മഴമൂലം ചുരുക്കിയ മത്സരത്തില്‍ ആയുഷ് മാത്രെയുടെയും വൈഭവ് സൂര്യവന്‍ഷിയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.
ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. മഴയെ തുടര്‍ന്ന് 37 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് 36.2 ഓവറില്‍ 135ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ആംബ്രിഷ്, മൂന്ന് പേരെ പുറത്താക്കിയ ഹെനില്‍ പട്ടേല്‍ എന്നിവരാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 13.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആയുഷ് മാത്രെ (53), വൈഭവ് സൂര്യവന്‍ഷി (40) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരു ടീമുകളും നേരത്തെ സൂപ്പര്‍ സിക്‌സിലേക്ക് യോഗ്യത നേടിയിരുന്നു.
മറുപടി ബാറ്റിംഗില്‍ മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ (7) വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. തുടര്‍ന്ന് സൂര്യവന്‍ഷി - മാത്രെ സഖ്യം 76 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറില്‍ സൂര്യവന്‍ഷി പുറത്തായെങ്കിലും അപ്പോഴെങ്കിലും ഇന്ത്യ വിജയത്തിനടുത്ത് എത്തിയിരുന്നു. 23 പന്തുകള്‍ നേരിട്ട സൂര്യവന്‍ഷി മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. സൂര്യവന്‍ഷി പുറത്തായതിന് പിന്നാലെ മാത്രെയും മടങ്ങി. 27 പന്തുകള്‍ മാത്രം നേരിട്ട താരം ആറ് സിക്‌സും രണ്ട് ഫോറും നേടി. ഇരുവരും പുറത്തായെങ്കിലും വിഹാന്‍ മല്‍ഹോത്ര (17) - വേദാന്ത് ത്രിവേദി (13) സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, കല്ലം സാംസണ്‍ (37), സെല്‍വിന്‍ സഞ്ജയ് (28) എന്നിവര്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. ജേക്കബ് കോട്ടര്‍ (23), ജസ്‌കരണ്‍ സന്ധു (18), സ്‌നേഹിത് റെഡ്ഡി (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ആര്യന്‍ മന്‍ (5), ഹൂഗോ ബോഗ്യൂ (4), ടോണ്‍ ജോണ്‍സ് (2), മാര്‍ക്കോ ആല്‍പെ (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല.

