
ബെംഗലൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി വീണ്ടും അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. കര്‍ണാടകക്കെതിരെ എട്ടാമനായി ക്രീസിലെത്തിയ അര്‍ജുന്‍ 112 പന്തുകളില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തി 52 റണ്‍സെടുത്തു. കര്‍ണാടകക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഗോവ 221-8 എന്ന സ്കോറില്‍ തകര്‍ന്നെങ്കിലും അര്‍ജുന്‍റെയും പത്താമനായി ഇറങ്ങിയ ഹേരംബ് പരബിന്‍റെയും(53) അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ അവസാന രണ്ട് വിക്കറ്റില്‍ 100 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 321 റണ്‍സിന് ഓള്‍ ഔട്ടായി.
ചണ്ഡീഗഢിനെതിരെ കഴിഞ്ഞ മത്സരത്തില്‍ എട്ടാമനായി ഇറങ്ങിയ അര്‍ജുന്‍ 60 പന്തില്‍ 70 റണ്‍സടിച്ച് വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ചവെച്ചിരുന്നു. നാലു കൂറ്റൻ സിക്സും ആറ് ബൗണ്ടറിയും സഹിതമായിരുന്നു ചണ്ഡിഗഡിനെതിരായ ഇന്നിംഗ്സെങ്കില്‍ കര്‍ണാടകക്കെതിരെ സമചിത്തതയോടെയായിരുന്നു അര്‍ജുന്‍ ബാറ്റിംഗ്. അര്‍ജുനും ഹേരംബ് പരബിനും പുറമെ സ്നേഹാല്‍ കൗതാങ്കര്‍(83), ക്യാപ്റ്റന്‍ ദര്‍ശന്‍ മിസാല്‍(39) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. കര്‍ണാടകക്കായി വെങ്കിടേഷും രോഹിത് കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വാലറ്റത്ത് ഇറങ്ങി അര്‍ധസെഞ്ചുറി നേടിയതോടെ ഇന്ത്യക്ക് പുതിയ ബൗളിംഗ് ഓള്‍ റൗണ്ടറെ കിട്ടിയിരിക്കുകയാണെന്ന പ്രതീക്ഷയിലാണ് ആരാധകരും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുുംബൈ ഇന്ത്യൻസ് കുപ്പായത്തില്‍ അരങ്ങേറിയെങ്കിലും ബൗളിംഗിലും ബാറ്റിംഗിലും അര്‍ജുന് ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായിരുന്നില്ല.
ആഭ്യന്തര ക്രിക്കറ്രില്‍ മുംബൈക്ക് വേണ്ടി കളിച്ചിരുന്ന അര്‍ജുന്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നതിനായാണ് ഗോവ ടീമിലേക്ക് കൂടുമാറിയത്. ഈ സീസണില്‍ ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങിയതോടെ വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മുംബൈ ഇലവനില്‍ അര്‍ജുന്‍ സ്ഥിര സാന്നിധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!