സഞ്ജു സാംസണ്‍ അസാമാന്യ മികവുള്ള നായകനും കളിക്കാരനുമാണ്. സഞ്ജുവിന് കീഴിലാണ് ഞാൻ ഏറ്റവും മികച്ച ബൗളറായി മാറിയത്.
ജയ്പൂര്‍: ഐപിഎല്ലില്‍ താൻ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റൻ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സഞ്ജു സാംസണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹല്‍. ഐപിഎല്ലില്‍ ആര്‍സിബിക്കായി വിരാട് കോലിക്ക് കീഴിലും നിലവില്‍ പഞ്ചാബ് കിംഗ്സിനായി ശ്രേയസ് അയ്യര്‍ക്കു കീഴിലും ചാഹല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെക്കാളും മികച്ച നായകന്‍ സഞ്ജു സാംസണണെന്ന് ചാഹല്‍ പറഞ്ഞു.
സഞ്ജു സാംസണ്‍ അസാമാന്യ മികവുള്ള നായകനും കളിക്കാരനുമാണ്. സഞ്ജുവിന് കീഴിലാണ് ഞാൻ ഏറ്റവും മികച്ച ബൗളറായി മാറിയത്. ഡെത്ത് ഓവറുകളില്‍ സ്പിന്നര്‍മാരെ പന്തെറിച്ചത് സഞ്ജു സാംസണാണ്. അതുവരെ ഒരു ക്യാപ്റ്റൻമാരും ഡെത്ത് ഓവറില്‍ സ്പിന്നര്‍മാരെക്കൊണ്ട് പന്തെറിയിക്കാന്‍ ധൈര്യം കാട്ടിയിട്ടില്ല. സഞ്ജു എന്നെ മികച്ചൊരു ഡെത്ത് ബൗളറാക്കി മാറ്റി. ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറായി ഞാന്‍ മാറിയത് അങ്ങനെയാണ്. സഞ്ജു ഒരിക്കലും നമ്മളെ അലോസരപ്പെടുത്തില്ല, നമ്മള്‍ എങ്ങനെയാണ് പന്തെറിയാന്‍ ആഗ്രഹിക്കുന്നത് അതുപോലെ പന്തെറിയാന്‍ അനുവദിക്കുന്ന നായകനാണ് സഞ്ജുവെന്നും ചാഹല്‍ പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജുവിന് കീഴില്‍ മൂന്ന് സീസണുകളില്‍ കളിച്ച ചാഹല്‍ മൂന്ന് സീസണുകളിലായി 66 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 2022ലെ ആദ്യ സീസണില്‍ 27 വിക്കറ്റും 2023ല്‍ 21 വിക്കറ്റും 2024ല്‍ 18 വിക്കറ്റുമാണ് ചാഹല്‍ രാജസ്ഥാന്‍ കുപ്പായത്തില്‍ വീഴ്ത്തിയത്. 2025ലെ മെഗാ താരലേലത്തിലാണ് ചാഹല്‍ 18 കോടി രൂപക്ക് രാജസ്ഥാന്‍ വിട്ട് പഞ്ചാബ് കിംഗ്സിലേക്ക് കൂടുമാറിയത്. ഐപിഎല്ലിലെ മികച്ച പ്രകടനം ചാഹലിന് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് ടീമിലും ഇടം നല്‍കിയിരുന്നു. എന്നാല്‍ സഞ്ജുവിനെപ്പോലെ പ്ലേയിംഗ് ഇലവനില്‍ ഒരു മത്സരത്തില്‍പോലും ചാഹലിന് ഇടം ലഭിച്ചില്ല. പിന്നീട് ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ ചാഹലിനെ വീണ്ടും ടീമിലേക്ക് പരിഗണിച്ചതുമില്ല.


