ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഐപിഎല്ലിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആര്‍സിബിയുടെ ഹോം മത്സരങ്ങള്‍ പുതിയ വേദിയിലേക്ക് മാറ്റുന്നത്.

ബെംഗളൂരു:അടുത്ത ഐപിഎല്ലില്‍ ആര്‍സിബിയുടെ ഹോം മത്സരങ്ങള്‍ക്ക് ബെംഗളൂരവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ പുതിയ രണ്ട് വേദികള്‍ തെരഞ്ഞെടുത്ത് ആര്‍സിബി ടീം മാനേജ്മെന്‍റ്. കഴിഞ്ഞ ഐപിഎല്ലില്‍ കിരീടം നേടിയ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍സിബിയുടെ ഹോം മത്സരങ്ങൾ സുരക്ഷാപരമായ കാരണങ്ങളാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്താനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും റായ്പൂറിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയവുമാണ് ആര്‍സിബി ഹോം മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. ഇതില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ആര്‍സിബിയുടെ അഞ്ച് ഹോം മത്സരങ്ങളും റായ്പൂരില്‍ രണ്ട് ഹോം മത്സരങ്ങളുമാകും നടത്തുക. കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഐപിഎല്ലിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആര്‍സിബിയുടെ ഹോം മത്സരങ്ങള്‍ പുതിയ വേദിയിലേക്ക് മാറ്റുന്നത്.

വനിതാ ഏകദിന ലോകകപ്പില്‍ കിരീടപ്പോരാട്ടത്തിന് വേദിയായ മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കും വേദിയാവുന്നുണ്ട്. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി ആദ്യമായി കഴിഞ്ഞ സീസണില്‍ ഐപിഎല്‍ ചാമ്പ്യൻമാരായത്. എന്നാല്‍ കിരീടം നേടിയതിന് പിറ്റേ ദിവസം തന്നെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീമിനായി ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാനായി ആരാധകര്‍ കൂട്ടത്തോടെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് തിക്കിലും തിരിക്കിലും പെട്ട് 11 പേര്‍ മരിക്കാനും 32 പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായത്. സംഭവം ആര്‍സിബിയുടെ കന്നി കിരീട നേട്ടത്തിന്‍റെ തിളക്കം കുറക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക