രഞ്ജി ട്രോഫി: സര്‍വീസസിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Jan 10, 2023, 11:32 AM IST
Highlights

ഒരു ഘട്ടത്തില്‍ 19-4 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും ചേര്‍ന്നാണ് 50 കടത്തിയത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വീസസിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍  കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയിലാണ്.

20 റണ്‍സോടെ സച്ചിന്‍ ബേബിയും 27 റണ്‍സോടെ സല്‍മാന്‍ നിസാറും ക്രീസില്‍. ഓപ്പണര്‍ രാഹുല്‍ പി(0), ജയലജ് സക്സേന(8), രോഹന്‍ പ്രേം(1), വത്സല്‍ ഗോവിന്ദ്(1) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് തുടക്കത്തിലെ നഷ്ടമായത്. ഒരു ഘട്ടത്തില്‍ 19-4 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും ചേര്‍ന്നാണ് 50 കടത്തിയത്.

രോഹന്‍ കുന്നുമേലിന് പകരം ജലജ് സക്സേനയാണ് കേരളത്തിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. മൂന്നാം ഓവറില്‍ തന്നെ കേരളത്തിന് ജലജ് സക്സേനയെ നഷ്ടമായി. എട്ട് റണ്‍സെടുത്ത സക്സേനയെ ദ്വിവേഷ് ഗുരുദേവ് പത്താനിയ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടു പിന്നാലെ സഹ ഓപ്പണര്‍ രാഹുലിനെയും കേരളത്തിന് നഷ്ടമായി. ഫോമിലുള്ള രോഹന്‍ പ്രേമില്‍ കേരളം പ്രതീക്ഷവെച്ചെങ്കിലും ഒരു റണ്‍സെടുത്ത രോഹനെ പി എസ് പൂനിയ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ഷോണ്‍ റോജറിന് പകരം ടീമിലെത്തി വത്സല്‍ ഗോവിന്ദിനെ(1) പത്താനിയ വീഴ്ത്തിയതോടെ കേരളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര മാത്രമല്ല ബുമ്രക്ക് നഷ്മാകുക, ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി

പിന്നീട് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത സല്‍മാന്‍ നിസാറും സച്ചിന്‍ ബേബിയും ചേര്‍ന്നാണ് കേരളത്തെ 50 കടത്തിയത്. സര്‍വീസസിനായി പതാനിയയും പൂനിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രഞ്ജി ട്രോഫി ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് തോറ്റതോടെ  പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. നാലു കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി 19 പോയന്‍റുള്ള കര്‍ണാടകയാണ് ഗ്രൂപ്പില്‍ ഒന്നാമത്. നാലു കളികളില്‍ ഒരു ജയവും മൂന്ന് സമനിലയുമായി 14 പോയന്‍റുള്ള രാജസ്ഥാന്‍ രണ്ടാമതാണ്. നാലു കളികളില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള കേരളം 13 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്.

click me!