ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര മാത്രമല്ല ബുമ്രക്ക് നഷ്മാകുക, ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി

By Web TeamFirst Published Jan 10, 2023, 11:06 AM IST
Highlights

മത്സരസമാന സാഹചര്യങ്ങളില്‍ പരിശീലനം തുടരവെ ബുമ്രക്ക് വീണ്ടും പുറം വേദന അനുഭവപ്പെട്ടതോടെയാണ് താരത്തെ അവസാന നിമിഷം ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായത്.

മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പേസര്‍ ജസ്പ്രീത് ബുമ്രക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട്. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാവാത്ത ബുമ്രയെ ആദ്യം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ബുമ്രയെ പിന്നീട് ഉള്‍പ്പെടുത്തി സെലക്ടര്‍മാര്‍ പരമ്പരക്ക് തലേന്ന് വീണ്ടും ഒഴിവാക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്ക് ശേഷം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പമ്പരയും അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ബുമ്രക്ക് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. പരിക്കില്‍ നിന്ന് മോചിതനായശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനം തുടരുകയായിരുന്നു ബുമ്ര. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് ബുമ്രയെ സെലക്ടര്‍മാര്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ടീമിലെടുത്തത്.

എന്നാല്‍ പിന്നീട് മത്സരസമാന സാഹചര്യങ്ങളില്‍ പരിശീലനം തുടരവെ ബുമ്രക്ക് വീണ്ടും പുറം വേദന അനുഭവപ്പെട്ടതോടെയാണ് താരത്തെ അവസാന നിമിഷം ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായത്. മത്സര സമാന സാഹചര്യങ്ങളില്‍ കഴിഞ്ഞ ആഴ്ച ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ആദ്യ പരിശീലനത്തില്‍ പരിക്കിന്‍റെ പ്രശ്നങ്ങളൊന്നും ബുമ്ര പറഞ്ഞിരുന്നില്ല. എന്നാല്‍ ഇതിനുശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്പോര്‍ട്സ് സയന്‍സ് വിഭാഗത്തിലെ നിതിന്‍ പട്ടേലിന്‍റെ മേല്‍നോട്ടത്തില്‍ മുംബൈയില്‍ നടത്തിയ ബൗളിംഗ് പരിശീലനത്തിനിടെയാണ് ബുമ്ര പുറം വേദനയുടെ കാര്യം പറയുന്നത്.

ഗുവാഹത്തി ഏകദിനത്തിന് തൊട്ടുമുമ്പ് ബുമ്ര എങ്ങനെ പുറത്തായി, എന്താണ് സംഭവിച്ചത്? വിശദീകരിച്ച് രോഹിത്

തുടര്‍ന്ന് സ്കാനിംഗിനും പരിശോധനകള്‍ക്കും  വിധേയനാക്കിയശേഷമാണ് ബുമ്രക്ക് തിരിച്ചുവരാന്‍ കൂടുതല്‍ സമയം വേണമെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി അധികൃതര്‍ സെലക്ടര്‍മാരെ അറിയിക്കുന്നത്. നിലവിലെ അവസ്ഥയില്‍ ബുമ്രക്ക് ബൗളിംഗ് പരിശീലനം തുടങ്ങാന്‍ മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.  ഈ സാഹചര്യത്തില്‍ ഓസ്ട്രേലിയക്കെതിരെ ധര്‍മശാലയിലും അഹമ്മദാബാദിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകളില്‍ മാത്രമെ ബുമ്ര ഇന്ത്യക്കായി കളിക്കാനിടയുള്ളൂവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം ഒമ്പതിനാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് പരമ്പര 3-1നെങ്കിലും സ്വന്തമാക്കേണ്ടതുണ്ട്.

click me!