'എന്താണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ഫോമിന് പിന്നില്‍'; വ്യക്തമാക്കി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി

Published : Mar 06, 2026, 02:29 PM IST
Sanju Samson

Synopsis

2026 ടി20 ലോകകപ്പിലെ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നിലെ കാരണം മുൻ പരിശീലകൻ രവി ശാസ്ത്രി വെളിപ്പെടുത്തുന്നു. 

മുംബൈ: 2026 ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണ്ണായക സാന്നിധ്യമാകുന്ന സഞ്ജു സാംസണിന്റെ കുതിപ്പിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. സഞ്ജുവിന്റെ മാനസികാവസ്ഥയിലുണ്ടായ വലിയ മാറ്റമാണ് ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ശാസ്ത്രി നിരീക്ഷിച്ചു. ഇന്നലെ ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലില്‍ 42 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. മത്സരത്തിലെ താരവും സഞ്ജു തന്നെ. സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിനെതിരെ കഴിഞ്ഞ മത്സരത്തിലും സഞ്ജു തന്നെയായിരുന്നു താരം.

ഇപ്പോള്‍ സഞ്ജുവിന്റെ ഫോമിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ശാസ്ത്രി. സഞ്ജുവിന്റെ കഴിവില്‍ ആര്‍ക്കും ഒരിക്കലും സംശയമുണ്ടായിരുന്നില്ലെന്നും എന്നാല്‍ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് പലപ്പോഴും തിരിച്ചടിയായിരുന്നതെന്നും ശാസ്ത്രി പറഞ്ഞു. ''തനിക്ക് കൂടുതല്‍ സ്ഥിരത ആവശ്യമാണെന്ന സത്യം സഞ്ജു തിരിച്ചറിഞ്ഞിരിക്കുന്നു. ഷോട്ട് സെലക്ഷനില്‍ അദ്ദേഹം കൂടുതല്‍ വിവേകം കാണിക്കുന്നു. സഞ്ജുവിന്റെ പക്കല്‍ ക്രിക്കറ്റ് പുസ്തകത്തിലെ എല്ലാ ഷോട്ടുകളുമുണ്ട്. പക്ഷേ മുന്‍പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ചെറിയ പിഴവുകള്‍ സംഭവിക്കുമായിരുന്നു.'' ഐസിസി റിവ്യൂവില്‍ ശാസ്ത്രി വ്യക്തമാക്കി.

സഞ്ജു ഇപ്പോള്‍ മാനസികമായി കൂടുതല്‍ കരുത്തനായെന്നും 31-ാം വയസ്സില്‍ അദ്ദേഹം ഒരു പൂര്‍ണ്ണ കായികതാരമായി മാറിയെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. സഞ്ജുവിന്റെ ബാറ്റിംഗിലെ ക്ലാസ്സും കരുത്തും ഒത്തുചേരുന്നത് കാണാന്‍ അതിമനോഹരമാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ദ്ദഘട്ടങ്ങളിലെ രക്ഷകന്‍

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നമീബിയ, സിംബാബ്വെ എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ടീമിലെ സ്ഥാനത്തെക്കുറിച്ച് പോലും ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സമ്മര്‍ദ്ദം ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ സഞ്ജു തന്റെ വിശ്വരൂപം പുറത്തെടുത്തു. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 97 റണ്‍സ് നേടി ഇന്ത്യയെ സെമിയിലെത്തിച്ചു. അതേ ആത്മവിശ്വാസമാണ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കാണിച്ചതും. വാംഖഡെയില്‍ ഏഴ് സിക്‌സറുകളടക്കം 89 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ചേട്ടന്' അങ്ങ് ഗൂഗിളിലും ഉണ്ടടോ പിടി! സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി ഗൂഗിള്‍ ഇന്ത്യ, എക്‌സ് പോസ്റ്റ് വൈറല്‍
രണ്ട് സെഞ്ചുറികള്‍ നഷ്ടമായതില്‍ വിഷമമില്ലേ? മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സഞ്ജു സാംസണിന്റെ മറുപടിയങ്ങനെ