
മുംബൈ: കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍(IND vs AUS) അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റിന്‍റെ (Adelaide Test) രണ്ടാം ഇന്നിംഗ്സില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായി നാണംകെട്ട തോല്‍വി വഴങ്ങിയതിനെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri ). ദിവസങ്ങളോളം ആ തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് ടീമും താനും മുക്തരായിരുന്നില്ലെന്ന് ദ് വീക്കിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞു.
ഇത്തരം വമ്പന്‍ തോല്‍വികളില്‍ ആദ്യം വിമര്‍ശനത്തിനിരയാകുക സ്വാഭാവികമായും പരിശീലകനാണ്. അവിടെ എനിക്ക് വേറെ തെരഞ്ഞെടുപ്പില്ല. അത് ഈ ജോലിയുടെ ഭാഗമാണ്. ആദ്യദിവസം മുതല്‍ അതിന് തയാറായിട്ടെ ഈ ജോലിക്ക് ഇറങ്ങാവു. അഡ്‌ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 36 റണ്‍സിന് ഓള്‍ ഔട്ടായതിനുശേഷം എനിക്കറിയാമായിരുന്നു രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന്.
തലേദവിസം ക്രീസ് വിടുമ്പോള്‍ ഒമ്പത് വിക്കറ്റുണ്ടായിരുന്നു നമ്മുടെ കൈയില്‍. ആകെ ചെയ്യേണ്ടിയിരുന്നത് അടുത്ത ദിവസം ബാറ്റിംഗിനിറങ്ങി ഒരു 80ല്‍ കൂടുതല്‍ റണ്‍സ് കൂടി അടിക്കുക എന്നത് മാത്രമായിരുന്നു. എന്നാല്‍ കളി കൈയിലിരുന്നേനെ. പക്ഷെ അതിന് കഴിയാതിരുന്നത് ഞങ്ങളെയെല്ലാം ഞെട്ടിച്ചു. ദിവസങ്ങളോളം ആ ഞെട്ടലില്‍ നിന്ന് പുറത്തുകടക്കാന്‍ ഞങ്ങള്‍ക്കായില്ല. എങ്ങനെയത് സംഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.
ആ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ആദ്യത്തെയാള്‍ ഞാനാണ്. ഇനി ഒളിക്കാന്‍ ഇടമില്ലെന്ന് ഞാന്‍ ടീം അംഗങ്ങളോട് പറഞ്ഞു. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും. അവിശ്വസനീയമായിരുന്നു അവരുടെ തിരിച്ചുവരവ്. 36ന് ഓള്‍ ഔട്ടായി ഒരു മാസം കഴിഞ്ഞപ്പോള്‍ നമ്മള്‍ 2-1ന് ടെസ്റ്റ് പരമ്പര ജയിച്ചു. ഇപ്പോഴും ഞാനതിനെക്കുറിച്ചാലോചിക്കാറുണ്ട്, എങ്ങനെ അത് സംഭവിച്ചുവെന്ന്. എനിക്കുറപ്പുണ്ട്, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലത്തോളം ആളുകള്‍ ആ പരമ്പര നേട്ടത്തെക്കുറിച്ച് പറയുമെന്ന്-ശാസ്ത്രി പറഞ്ഞു.
അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 244 റണ്‍സടിച്ചിരുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 194 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ നിര്‍ണായകമായ 60 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡും സ്വന്തമാക്കി. ഇതിനുശേഷമായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ ഔട്ടായത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.
മൂന്നാം ദിനം തുടക്കത്തിലെ ജോഷ് ഹേസല്‍വുഡിന്‍റെയും പാറ്റ് കമിന്‍സിന്‍റെയും പന്തുകള്‍ക്ക് മുന്നില്‍ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ ഇന്ത്യ 15 ഓവറില്‍ 36 റണ്‍സിന് പുറത്താവുകയായിരുന്നു. ഹേസല്‍വുഡ് എട്ട് റണ്‍സിന് അഞ്ച് വിക്കറ്റും കമിന്‍സ് 21 റണ്‍സിന് നാലു വിക്കറ്റുമെടുത്തു. 93 റണ്‍സ് വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.
ഈ ടെസ്റ്റിനിടെ ബാറ്റ് ചെയ്യുന്നതിനിടെ പന്തുകൊണ്ട് കൈക്കുഴക്ക് പരിക്കേറ്റ മുഹമ്മദ് ഷമി നാട്ടിലേക്ക് മടങ്ങി. പിതൃത്വ അവധിയെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയും ആദ്യ ടെസ്റ്റിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഇതിനുശേഷമായിരുന്നു അജിങ്ക്യാ രഹാനെക്ക് കീഴില്‍ ഇന്ത്യ ഐതിഹാസിക ജയം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!