ടി20 ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്‌ടര്‍ ആര്? ഫൈനലിസ്റ്റുകളേയും പ്രവചിച്ച് ദിനേശ് കാര്‍ത്തിക്

By Web TeamFirst Published Aug 23, 2021, 10:23 AM IST
Highlights

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും തമിഴ്‌നാട് ടീമിലും വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം അടുത്ത് പ്രവര്‍ത്തിച്ച താരമാണ് ദിനേശ് കാര്‍ത്തിക്

ദില്ലി: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'ട്രംപ് കാര്‍ഡ്' യുവ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരിക്കുമെന്ന് ക്രിക്കറ്ററും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്. ഐപിഎല്‍ 2020 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 13 മത്സരങ്ങളില്‍ 17 വിക്കറ്റുമായി ശ്രദ്ധ നേടിയ താരമാണ് വരുണ്‍. പിന്നാലെ ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചെങ്കിലും പരിക്കിനെ തുടര്‍ന്ന് അരങ്ങേറ്റം വൈകി. ലങ്കയ്‌‌ക്കെതിരെ അടുത്തിടെ നടന്ന ടി20 പരമ്പരയിലാണ് താരം അരങ്ങേറ്റം കുറിച്ചത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും തമിഴ്‌നാട് ടീമിലും വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം അടുത്ത് പ്രവര്‍ത്തിച്ച താരമാണ് ദിനേശ് കാര്‍ത്തിക്. ബൗളിംഗിലെ വൈവിധ്യം കൊണ്ട് ടി20 ലോകകപ്പില്‍ താരം ഇന്ത്യയുടെ എക്‌സ് ഫാക്‌ടറാവുമെന്ന് കാര്‍ത്തിക് പറയുന്നു. 

വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ ഡാരന്‍ സമിയുമായുള്ള സംഭാഷണത്തിലാണ് കാര്‍ത്തിക്, വരുണിനെ പ്രശംസിച്ചത്. 'വളരെ സ്‌പെഷ്യലായ ബൗളറാണ് വരുണ്‍ ചക്രവര്‍ത്തി. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ വരുണിന്‍റെ മികവ് നിര്‍ണായകമാകും. വരുണ്‍ ചക്രവര്‍ത്തി എന്ന പേര് ഓര്‍ത്തിരിക്കുക ഡാരന്‍ സമി' എന്നായിരുന്നു കാര്‍ത്തിക്കിന്‍റെ വാക്കുകള്‍. 

ഫൈനലിസ്റ്റുകളെ പ്രവചിച്ച് കാര്‍ത്തിക്

'ആരാണ് ടി20 ലോകകപ്പ് ഉയര്‍ത്തുക എന്ന് ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഫൈനല്‍ കാണാന്‍ ആഗ്രഹമുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍ എന്‍റെ രണ്ടാമത്തെ ഫേവറേറ്റ് ടീം വെസ്റ്റ് ഇന്‍ഡീസാണ് എന്ന് നിസംശയം പറയാം. ടി20യില്‍ അവരുടെ കളി മികവാണ് അതിന് കാരണം. ടി20 ഫോര്‍മാറ്റിനെ അവര്‍ ഇഷ്‌ടപ്പെടുന്നു. അത് അവരുടെ പ്രകടനം മികച്ചതാക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെ കലാശപ്പോരില്‍ കാണാന്‍ ആഗ്രഹിക്കുന്നതായും' ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് വെസ്റ്റ് ഇന്‍ഡീസ്. 

ടി20 പൂരം ഒക്‌ടോബര്‍ 17 മുതല്‍

ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ഒക്‌ടോബര്‍ 17 മുതലാണ് ടി20 ലോകകപ്പ് നടക്കുന്നത്. വൈരികളായ പാകിസ്ഥാനെതിരെ ഒക്‌ടോബര്‍ 24നാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. നവംബര്‍ 14ന് ദുബൈയില്‍ ഫൈനല്‍ നടക്കും. 

നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്‌ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലും. ഒക്‌ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്‌ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നുണ്ട്. 

'രോഹിത് ലോകകപ്പിന്‍റെ പര്യായം'; ടി20 പൂരത്തിലും തീപ്പൊരി പ്രതീക്ഷിക്കാമെന്ന് ദിനേശ് കാര്‍ത്തിക്

ആലമിന് സെഞ്ചുറി; വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ നിയന്ത്രണമേറ്റെടുത്ത് പാകിസ്ഥാന്‍

ആര്‍സിബിക്ക് ആശങ്ക; ഹസരങ്കയും ചമീരയും എന്‍ഒസി അപേക്ഷ നല്‍കിയില്ലെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യ നിലവിലെ മികച്ച ബൗളിംഗ് നിര, ഷമി ലോകത്തെ ഏറ്റവും അണ്ടര്‍റേറ്റഡ് ബൗളര്‍; വാഴ്‌ത്തിപ്പാടി ഓസീസ് താരം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!