
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും വീരോചിത സെഞ്ചുറികളുടെ കരുത്തില്‍ സമനില പിടിച്ച് ഇന്ത്യ. നാലാം ദിനം റണ്ണെടുക്കും മുമ്പെ രണ്ട് വിക്കറ്റ് നഷ്ടമാകുകയും അഞ്ചാം ദിനം ആദ്യ സെഷനില്‍ കെ എല്‍ രാഹുലിന്‍റെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തിട്ടും പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 203 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജഡേജ-സുന്ദര്‍ സഖ്യത്തിന്‍റെ മികവിലാണ് ഇന്ത്യ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സമനില പിടിച്ചത്. ജഡേജക്ക് പിന്നാലെ സുന്ദറും സെഞ്ചുറിയിലെത്തിയതോടെ ഇംഗ്ലണ്ട് സമനിലക്ക് സമ്മതിച്ചു.സ്കോര്‍ ഇന്ത്യ 358, 425-4, ഇംഗ്ലണ്ട് 669.
സമനില വഴങ്ങിയെങ്കിലും അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് ഇപ്പോഴും 2-1ന് മുന്നിലാണ്. മാഞ്ചസ്റ്ററില്‍ സമനില പിടിച്ചതോടെ വ്യാഴാഴ്ച കെന്നിംഗ്ടണ്‍ ഓവലില്‍ തുടങ്ങുന്ന പരമ്പരയിലെ അവസാന ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സമനിലയാക്കാം.
റെക്കോര്‍ഡിട്ട് ഗില്‍
അവസാന ദിനം 174-2 എന്ന സ്കോറില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ സെഷനില്‍ ബെന്‍ സ്റ്റോക്സ് ആണ് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തിയത്. സ്റ്റോക്സിന്‍റെ പല പന്തുകളും താഴ്ന്നു വന്നപ്പോള്‍ ഗില്ലും രാഹുലും പലപ്പോഴും വിക്കറ്റിന് മുന്നില്‍ കുടുങ്ങാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇതിനിടെ സ്റ്റോക്സിന്‍റെ പന്തില്‍ ഗില്‍ നല്‍കിയ പ്രയാസമുള്ളൊരു ക്യാച്ച് ഷോര്‍ട്ട് കവറില്‍ പറന്നുപിടിക്കാനുള്ള ഒല്ലി പോപ്പിന്‍റെ ശ്രമം വിഫലമായത് ഇന്ത്യക്ക് ആശ്വാസമായി. എന്നാല്‍ തൊട്ടു പിന്നാലെ രാഹുലിനെ താഴ്ന്നു വന്നൊരു പന്തില്‍ യാതൊരു അവസരവും നല്‍കാതെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റോക്സ് 188 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ചു.
വിരോചിതം സുന്ദര്‍-ജഡേജ പോരാട്ടം
അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന് പകരമെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യയെ 200 കടത്തി. ഒടുവില്‍ രണ്ടാം ന്യൂബോളെടുത്ത ഇംഗ്ലണ്ട് തന്ത്രങ്ങളെയും ചെറുത്ത് 228 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അവസാന ദിനം ലഞ്ചിന് പിരിയുന്നതിന് മുമ്പ് ഗില്ലിന്‍റെ സാഹസം ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. ജോഫ്ര ആര്‍ച്ചറുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ കട്ടിന് ശ്രമിച്ച ഗില്ലിനെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് കൈയിലൊതുക്കി.
പിന്നീടെത്തിയ രവീന്ദ്ര ജഡേജ നേരിട്ട ആദ്യ പന്തില്‍ തന്നെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ച് സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയെങ്കിലും റൂട്ട് കൈവിട്ടത് മത്സരത്തില്‍ നിര്‍ണായകമായി. പിന്നീട് ഇംഗ്ലണ്ചിന്‍റെ സ്പിന്‍, പേസ് ആക്രമണങ്ങളെയും ഷോര്‍ട്ട് ബോള്‍ തന്ത്രത്തെയുമെല്ലാം അതിജീവിച്ച ജഡേജ-സുന്ദര്‍ സഖ്യം രണ്ടാം സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്നതോടെ ഇന്ത്യക്ക് സമനില പ്രതീക്ഷയായി. അവസാന സെഷനിലും വിക്കറ്റ് വീഴ്ത്താനാവാതെ ഇംഗ്ലണ്ട് വലഞ്ഞു. ഇതിനിടെ ലീഡെടുത്ത ഇന്ത്യ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി.
ലീഡെടുത്തതോടെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ജഡേജയും സുന്ദറും ഒടുവില്‍ അവസാന 15 ഓവര്‍ ബാക്കിയിരിക്കെ സെഞ്ചുറിയിലെത്തി. ഹാരി ബ്രൂക്കിനെ സിക്സിന് പറത്തി ജഡേജ അഞ്ചാം ടെസ്റ്റ് സെഞ്ചുറി തികച്ചപ്പോള്‍ ഹാരി ബ്രൂക്കിനെതിരെ രണ്ട് റണ്‍സ് ഓടിയെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ കന്നി ടെസ്റ്റ് സെഞ്ചുറിയിലെത്തി. ജഡേജ 185 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സുന്ദര്‍ 206 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് സെഷനുകളോളം ബാറ്റ് ചെയ്താണ് ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സമനില പിടിച്ചത്. ലോര്‍ഡ്സിലെ നേരിയ തോല്‍വിക്കുശേഷം മാഞ്ചസ്റ്ററില്‍ പൊരുതി നേടിയ സമനില ഇന്ത്യക്ക് അവസാന ടെസ്റ്റിനിറങ്ങുമ്പോള്‍ ആത്മവിശ്വാസം കൂട്ടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക