ബൗളിംഗില്‍ ശരാശരി, ബാറ്റിംഗില്‍ ശോകം! തിരിച്ചുവരവ് അടയാളപ്പെടുത്താനാവാതെ രവീന്ദ്ര ജഡേജ

By Web TeamFirst Published Jan 26, 2023, 3:09 PM IST
Highlights

ബൗളിംഗില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം താരത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ആദ്യ ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് സ്വന്തമാക്കാന്‍ ജഡേജയക്കായിരുന്നു. മാത്രമല്ല, 24 ഓവറുകള്‍ എറിയാനും ഓള്‍റൗണ്ടര്‍ക്ക് സാധിച്ചു.

ചെന്നൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കാനുള്ള ഒരുക്കത്തിലാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ജഡേജയെ ഉള്‍പ്പെടുത്തിയിരുന്നു. അതിന് മുന്നോടിയായി ഒരു രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കാന്‍ സെലക്റ്റര്‍മാര്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി മത്സരത്തില്‍ സൗരാഷ്ട്രയെ നയിക്കുന്നത് ജഡേജയാണ്. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഡേജ ഒരു രഞ്ജി മത്സരം കളിക്കുന്നത്. 2018ലാണ് ജഡേജ അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്.

ബൗളിംഗില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം താരത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ആദ്യ ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് സ്വന്തമാക്കാന്‍ ജഡേജയക്കായിരുന്നു. മാത്രമല്ല, 24 ഓവറുകള്‍ എറിയാനും ഓള്‍റൗണ്ടര്‍ക്ക് സാധിച്ചു. ഇത്രയും പന്തുകള്‍ എറിഞ്ഞതിലൂടെ താന്‍ ഫിറ്റാണെന്ന് ജഡേജ തെളിയിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ഇതുവരെ ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ബാറ്റിംഗില്‍ ജഡേജയ്ക്ക് തിളങ്ങാനായില്ല. ആറാമാനായി ക്രീസിലെത്തിയ താരം 23 പന്തില്‍ 15 റണ്‍സുമായി മടങ്ങി. മൂന്ന് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്.

ജഡേജ ഉള്‍പ്പെടെയുള്ള നിരാശപ്പെടുത്തിയപ്പോള്‍ തമിഴ്‌നാടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 324നെതിരെ സൗരാഷ്ട്ര 192ന് പുറത്തായി. 132 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് തമിഴ്‌നാട് നേടിയത്. 49 റണ്‍സ് നേടിയ ചിരാഗ് ജനിയാണ് സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. മലയാളി പേസര്‍ സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. എം സിദ്ധാര്‍ത്ഥ്, അജിത് റാം എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ബാബ ഇന്ദ്രജിത് (66), വിജയ് ശങ്കര്‍ (53), ഷാരുഖ് ഖാന്‍ (50), ബാബ അപരാജിത് (45), സായ് സുദര്‍ശന്‍ (45) എന്നിവരുടെ ഇന്നിംഗ്‌സാണ് തമിഴ്‌നാടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. യുവരാജസിന്‍ഹ ദൊഡിയ നാല് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍

click me!