ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ സഞ്ജു സാംസണ്‍; പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

By Web TeamFirst Published Jan 26, 2023, 2:27 PM IST
Highlights

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു താരം.

കൊച്ചി: പരിക്കിനെ തുടര്‍ന്ന് മലയാളി താരം സഞ്ജു സാസണ് ന്യൂസിലന്‍ഡിനെതിരെയാ ടി20 പരമ്പര നഷ്ടമായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു താരം. കഴിഞ്ഞ എന്‍സിഎ വിട്ട സഞ്ജു ഇപ്പോള്‍ കൊച്ചിയില്‍ ഫിസിയോതെറാപ്പിക്ക് വിധേയനാകുകയാണ്.

ഇതിനിടെ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സഞ്ജു. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്പ്രിന്റ് ചെയ്യുന്ന വീഡിയോയാണ് സഞ്ജു പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ കാണാം... 

അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി പരിക്കേറ്റ് റിതുരാജ് ഗെയ്കവാദിന് പകരം സഞ്ജുവിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും പൃഥ്വി ഷായും അടക്കമുള്ള ഓപ്പണര്‍മാര്‍ ടീമിലുള്ളതിനാല്‍ റുതുരാജിന്റെ പരിക്ക് ഇന്ത്യക്ക് വലിയ വെല്ലുവിളിയായേക്കില്ലെന്നാണ് സൂചന.

നാളെ റാഞ്ചിയിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. 29ന് ലഖ്‌നൗവില്‍ രണ്ടാം മത്സരവും ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ മൂന്നാം മത്സരവും നടക്കും. ഏകദിന പരമ്പര തൂത്തുവാരിയെത്തുന്ന ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ടി20 പരമ്പരക്ക് ഇറങ്ങുന്നത്. രണ്ട് നര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ ഓപ്പണര്‍ പൃഥ്യി ഷാക്ക് പ്ലേയിംഗ് ഇലവനില്‍ ഓപ്പണറായി അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പൃഥ്വിയുടെ സ്ഥാനത്തിന് ഭീഷണി.

ഇന്ത്യന്‍ ട്വന്റി 20 സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേശ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.

ബാബര്‍ അസം ഐസിസിയുടെ ഏകദിന താരം

click me!