ഞാന്‍ ഉടനെ തിരിച്ചെത്തും! ഇന്ത്യക്ക് പ്രതീക്ഷ, ശസ്ത്രക്രിയക്ക് ശേഷമുള്ള വിവരങ്ങള്‍ പുറത്തുവിട്ട് രവീന്ദ്ര ജഡേജ

By Web TeamFirst Published Sep 6, 2022, 10:15 PM IST
Highlights

ഇപ്പോള്‍ ശസ്ത്രക്രിയ പൂര്‍ത്തിയായ വിവരം പുറത്തുവിടുകയാണ് ജഡേജ. എത്രയും പെട്ടന്ന് ഗ്രൗണ്ടില്‍ തിരിച്ചെത്താനാവുമെന്ന് താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജയ്പൂര്‍: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ടി20 ലോകകപ്പ് നഷ്ടമാവുമെന്നുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഏഷ്യാ കപ്പിനിടെ താരത്തിനേറ്റ പരിക്കാണ് വിനയായത്. എന്നാല്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഈ വാര്‍ത്തകള്‍ തള്ളികളഞ്ഞു. ടി20 ലോകകപ്പിന് ഇനിയും സമയമുണ്ടെന്നും ഒന്നും പറയാറായിട്ടില്ലെന്നുമാണ് ദ്രാവിഡ് പറഞ്ഞത്. പരിക്കിന് ശേഷം ജഡേജ നാട്ടിലേക്ക് തിരിച്ചിരുന്നു. ശസ്ത്രക്രിയക്ക് വേണ്ടിയാണ് താരം നാട്ടിലേക്ക് തിരിച്ചത്.

ഇപ്പോള്‍ ശസ്ത്രക്രിയ പൂര്‍ത്തിയായ വിവരം പുറത്തുവിടുകയാണ് ജഡേജ. എത്രയും പെട്ടന്ന് ഗ്രൗണ്ടില്‍ തിരിച്ചെത്താനാവുമെന്ന് താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജഡേജ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍... ''വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. ബിസിസിഐ, സഹതാരങ്ങള്‍, ഫിസിയോസ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍, ഡോക്റ്റര്‍, ആരാധകര്‍... അങ്ങനെ എല്ലാവരോടും. വരും ദിവസങ്ങളില്‍ വിശ്രമം വേണം. എത്രയും പെട്ടന്ന് ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിങ്ങളുടെ സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.'' ജഡേജ ഫേസ്ബുക്കില്‍ കുറിച്ചിട്ടു.

നേരത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളില്‍ രവീന്ദ്ര ജഡേജ ഉണ്ടാകില്ലെന്ന് ബി സി സി ഐ അറിയിച്ചിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്ന് താരം പിന്‍മാറിയത്. ജഡേജയുടെ പകരക്കാരനായി അക്‌സര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ബി സി സി ഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ജഡേജ. ഏഷ്യാ കപ്പിന് പിന്നാലെ ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ പരമ്പരകളിലും ജഡേജക്ക് കളിക്കാനാവില്ലെന്ന് ഇന്നലെ സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ടി 20 ലോകകപ്പും താരത്തിന് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

click me!