
ലണ്ടന്‍: ലാര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഭേദപ്പെട്ട നിലയിലാണ് ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തിട്ടുണ്ട്. ജോ റൂട്ട് (99), ബെന്‍ സ്റ്റോക്സ് (39) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം ജസ്പ്രീത് ബുമ്ര ടീമിലെത്തി.
ഇന്നലെ 83 ഓവറുകളാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ റൂട്ടിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പ്രതിരോധത്തിലൂന്നിയാണ് റൂട്ട് കളിച്ചിരുന്നത്. ഇതുവരെ 191 പന്തുകള്‍ നേരിട്ട താരം ഒമ്പത് ബൗണ്ടറികള്‍ മാത്രമാണ് നേടിയത്. എന്നാല്‍ രവീന്ദ്ര ജഡേജ, റൂട്ടിനോട് ആദ്യ ദിനം തന്നെ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ പറയുന്നുണ്ടായിരുന്നു. ആദ്യ ദിവസത്തെ അവസാന ഓവറിലാണ് രസകരമായ സംഭവം. 98 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന റൂട്ട് ആകാശ് ദീപിന്റെ നാലാം പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് ഒരു റണ്‍ പൂര്‍ത്തിയാക്കി. ഇതിനിടെ ജഡേജ പന്ത് കയ്യിലെടുക്കുകയും ചെയ്തു. അടുത്ത റണ്‍ ഓടിയെടുത്ത് സെഞ്ചുറി പൂര്‍ത്തിയാക്കൂവെന്ന് ജഡേജ പറയുന്നുണ്ട്. കൈ കൊണ്ട് ആക്ഷന്‍ കാണിച്ചാണ് ജഡേജ, റൂട്ടിനോട് സിംഗിളെടുക്കാന്‍ പറയുന്നത്. എന്നാല്‍ റൂട്ട് ആദ്യമൊന്ന് ശ്രമിച്ചെങ്കിലും പിന്നീട് ഒരു പുഞ്ചിരിയോടെ പിന്മാറുകയായിരുന്നു. വീഡിയോ കാണാം...
മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ക്രൗളി - ഡക്കറ്റ് സഖ്യം 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 14-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ഡക്കറ്റാണ് ആദ്യം മടങ്ങുന്നത്. നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങുന്നത്. അതേ ഓവറില്‍ തന്നെ ക്രൗളിയും മടങ്ങി. ഇത്തവണയും പന്തിന് ക്യാച്ച്. പിന്നീട് പോപ്പ് - റൂട്ട് സഖ്യം ആദ്യ സെസഷനില്‍ വിക്കറ്റ് പോവാതെ കാത്തു. എന്നാല്‍ ഒല്ലി പോപ്പ് (44) റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 109 റണ്‍സ് കൂട്ടിചേര്‍ത്തു.
പിന്നീട് രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. പോപ്പിനെ തിരിച്ചയക്കുകയായിരുന്നു ജഡ്ഡു. മികച്ച ഫോമിലുള്ള ഹാരി ബ്രൂക്കിനെ ബുമ്ര ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ ഇംഗ്ലണ്ട് നാലിന് 172 എന്ന നിലയിലായി. തുടര്‍ന്ന് റൂട്ട് - സ്റ്റോക്സ് സഖ്യം വിക്കറ്റ് പോവാതെ കാത്തു. ഇരുവരും ഇതുവരെ 79 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.