
ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ തീരുമാനിച്ച വിരാട് കോലിക്ക് ആദരമൊരുക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലാണ് ഇതിഹാസ താരത്തിന് ആദരമൊരുക്കുക. 17ന് ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ആര്‍സിബി ആരാധകര്‍ വെള്ള ജഴ്സി ധരിച്ച് സ്‌റ്റേഡിയത്തിലെത്തും. കോലിയുടെ ടെസ്റ്റ് കരിയറിനെ ആദരിക്കുന്നതിന് വേണ്ടിയാണ് വെള്ള ജഴ്സി ധരിക്കുന്നത്. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചതിന് ശേഷം നടക്കുന്ന ആദ്യ മത്സരമാണിത്.
മത്സരത്തിനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരോട് ഇന്ത്യയുടെ ടെസ്റ്റ് ജഴ്‌സി ധരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതുമല്ലെങ്കില്‍ പൂര്‍ണമായും വെള്ള നിറത്തിലുള്ള വസ്ത്രമോ ധരിച്ചുവരാനും പറഞ്ഞിട്ടുണ്ട്. ബെംഗളൂരു ആരാധകരുടെ ഈ നീക്കത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയും സ്വീകരണവുമാണ് ലഭിക്കുന്നത്.
ചിന്നസ്വാമിയില്‍ വെള്ള ജഴ്സിയില്‍ ആരാധകര്‍ എത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച യാത്രയയപ്പായിരിക്കുമതെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച്ചയാണ് കോലി ടെസ്റ്റ് ക്രിക്കറ്റിന് വിരാമമിട്ടത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ കോലി 123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 46.85 ശരാശരിയില്‍ 30 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 9,230 റണ്‍സാണ് നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍, അദ്ദേഹം ഇന്ത്യയെ ടെസ്റ്റ് റാങ്കിംല്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ചിരുന്നു. 2018-19 ല്‍ ഓസ്ട്രേലിയയില്‍ ചരിത്രപരമായ പരമ്പര വിജയം കോലിക്ക് കീഴില്‍ ഇന്ത്യ നേടി.
ഇതിനിടെ കോലിക്ക് രണ്ട് വര്‍ഷം കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ തുടരാമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടു. ''കോലിയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ അശ്വിന്‍. അശ്വിന്റെ വാക്കുകള്‍... ''മറ്റുള്ളവരില്‍ നിന്ന് കോലിയെ വേറിട്ട് നിര്‍ത്തിയത് അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയാണ്. അത് ബാറ്റിംഗ് ആകട്ടെ, ക്യാപ്റ്റന്‍സി ആകട്ടെ, ഫീല്‍ഡിംഗ് ആകട്ടെ എത്താ മേഖലയിലും അദ്ദേഹം ഒരു പടി മുന്നിലാണ്. രാവിലെ എന്താണ് കഴിക്കുന്നതെന്ന് ഞാന്‍ കോലിയോട് ചോദിക്കാന്‍ ആഗ്രഹിക്കാറുണ്ട്.'' അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
കോലിയുടെ ഏറ്റവും വലിയ ശക്തിയായിരുന്ന ഊര്‍ജസ്വലതയെ കുറിച്ചും അശ്വിന്‍ സംസാരിച്ചു. ''കോലിക്ക് ഇനിയും ഒന്നോ രണ്ടോ വര്‍ഷം കൂടി ടെസ്റ്റ് ബാക്കിയുണ്ടായിരുന്നു. ഓരോ മിനിറ്റിലും പൂര്‍ണ വേഗതയില്‍ പ്രവര്‍ത്തിക്കാനുള്ള മാനസിക ശേഷി ബാക്കിയില്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം.'' അശ്വിന്‍ പറഞ്ഞു.